Site iconSite icon Janayugom Online

അരവിന്ദ് കെജ്‌രിവാളിനെതിരായ ഭീഷണി; ബിജെപി നേതാവിന്റെ അറസ്റ്റില്‍ നാടകീയ നീക്കങ്ങള്‍

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയെ ഹരിയാനയില്‍ നിന്നും ഡല്‍ഹി പൊലീസ് മോചിപ്പിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ ഇടപെട്ടുള്ള നാടകീയ നീക്കങ്ങളാണ് അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായത്. സംഭവം രാഷ്ട്രീയവിഷയമായും സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിയമപോരാട്ടമായും മാറിയിട്ടുണ്ട്.

അരവിന്ദ് കെജ്‌രിവാളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും മതവൈരമുണ്ടാക്കാന്‍ ശ്രമിച്ചതിനുമായി പഞ്ചാബ് പൊലീസ് സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തി ബഗ്ഗയെ അറസ്റ്റ് ചെയ്ത ശേഷം റോഡ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മകന്‍ അറസ്റ്റിലായ ഉടന്‍ തജീന്ദര്‍ ബഗ്ഗയുടെ പിതാവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഉടന്‍ കേസെടുത്ത ഡല്‍ഹി പൊലീസ് ബഗ്ഗയെ കൊണ്ടുപോയ വാഹനത്തെ പിന്തുടര്‍ന്നു.

ഡല്‍ഹി പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയില്‍വെച്ച് പഞ്ചാബ് പൊലീസിന്റെ വാഹനത്തെ ഹരിയാന പൊലീസ് വളഞ്ഞു. തുടര്‍ന്ന് സംഘത്തെ കുരുക്ഷേത്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഡല്‍ഹി പൊലീസും സ്ഥലത്തെത്തി.

എന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ബഗ്ഗയെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അഞ്ച് തവണ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നതായും പഞ്ചാബ് പൊലീസ് പറയുന്നു.

അറസ്റ്റിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡല്‍ഹി പൊലീസ് ബഗ്ഗയെ മോചിപ്പിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരിയാന പൊലീസ് അറസ്റ്റ് വിഷയത്തില്‍ ഇടപെട്ടതെന്തിനെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ലളിത് ബത്ര ആരാഞ്ഞു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. അതേസമയം ബഗ്ഗയെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കരുതെന്ന പഞ്ചാബ് പൊലീസിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അതിനിടെ ബഗ്ഗയുടെ അറസ്റ്റില്‍ ഡല്‍ഹിയില്‍ എഎപി ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Eng­lish summary;BJP leader arrest­ed for threat­en­ing Arvind Kejriwal

You may also like this video;

Exit mobile version