Site iconSite icon Janayugom Online

ഹിമാചലില്‍ ബിജെപി തോറ്റു; ഗുജറാത്തില്‍ നിലനിര്‍ത്തി

electionelection

ഷിംല: ഹിമാചൽ പ്രദേശില്‍ കോൺഗ്രസിന് ഭൂരിപക്ഷം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആകെയുള്ള 68ൽ 40 സീറ്റുകളില്‍ കോൺഗ്രസ് ജയം നേടിയപ്പോള്‍ ബിജെപി 25 സീറ്റുകളിലേക്ക് ചുരുങ്ങി. മൂന്നു സീറ്റുകളിൽ മറ്റു കക്ഷികള്‍ വിജയിച്ചു.
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കോൺഗ്രസിനും ബിജെപിക്കുമായി ലീഡ് നില മാറിമറിയുകയായിരുന്നു. അതേസമയം 67 മണ്ഡലങ്ങളില്‍ മത്സരിച്ച എഎപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 2017 ല്‍ 44 സീറ്റുകളുമായിട്ടായിരുന്നു ബിജെപി അധികാരത്തില്‍ വന്നത്. കഴിഞ്ഞതവണത്തെ 21 ല്‍ നിന്നാണ് ഇത്തവണ 40 ലേക്ക് കോണ്‍ഗ്രസ് അംഗസംഖ്യ ഉയര്‍ത്തിയിരിക്കുന്നത്. ഹിമാചലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ കാടിളക്കിയുള്ള പ്രചാരണം നടന്നുവെങ്കിലും സംസ്ഥാനത്തുയര്‍ന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. അതേസമയം രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രം അധികാരമുള്ള കോണ്‍ഗ്രസിന് ഹിമാചലിലെ മുന്നേറ്റം വലിയ ആശ്വാസമായി. സെരാജ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ജയ്റാം ഠാക്കൂര്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജി സമര്‍പ്പിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ നിലനിര്‍ത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി തുടര്‍ച്ചയായ ഏഴാംതവണയും അധികാരത്തില്‍. കോണ്‍ഗ്രസ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയോടെ തകര്‍ന്നടിഞ്ഞു. ആംആദ്മി പാര്‍ട്ടിക്കും പ്രചാരണത്തില്‍ നടത്തിയ മുന്നേറ്റം വോട്ടുകളാക്കി മാറ്റാന്‍ സാധിച്ചില്ല.
182 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 156 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 92 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായിരുന്നത്. കോണ്‍ഗ്രസ് 17 സീറ്റുകളിലും എഎപി അഞ്ച് സീറ്റുകളിലും ഒതുങ്ങി. 2017 ല്‍ കോണ്‍ഗ്രസ് 78 സീറ്റ് നേടിയിരുന്നു. ഇത്തവണ അതിന് അടുത്തെത്താന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി 12ന് സത്യപ്രതിജ്ഞ ചെയ്യും. ഘട്‌ലോഡിയ മണ്ഡലത്തില്‍ നിന്നും 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ വിജയം.
പതിവ് പോലെ തീവ്ര ഹിന്ദുത്വവും മുസ്‌ലിം വിദ്വേഷവും ഫലപ്രദമായി വിനിയോഗിക്കാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപി 53 ശതമാനത്തോളം വോട്ടുകള്‍ നേടി. കഴിഞ്ഞതവണത്തെ 30 ശതമാനത്തില്‍ നിന്നും കോണ്‍ഗ്രസ് 27 ശതമാനത്തിലേക്ക് വീണു. ആം ആദ്മി പാര്‍ട്ടി 13 ശതമാനം വോട്ട് വിഹിതം നേടിയപ്പോള്‍ ഇത് വലിയ തോതില്‍ ബാധിച്ചത് കോണ്‍ഗ്രസിനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
1985 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 സീറ്റുകള്‍ നേടിയതായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും വലിയ വിജയം. 2002 ല്‍ ബിജെപി 127 സീറ്റുകള്‍ നേടിയിരുന്നു. 1995 ലാണ് ബിജെപി ഗുജറാത്തില്‍ തനിച്ച് അധികാരത്തിലെത്തിയത്. പിന്നീടിതുവരെ സംസ്ഥാനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 1990 ല്‍ ജെഡി, ബിജെപി സഖ്യത്തിനു മുമ്പില്‍ 33 സീറ്റുകളില്‍ ഒതുങ്ങിയതായിരുന്നു ഇതിന് മുമ്പുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനം. 

Eng­lish Sum­ma­ry: BJP lost in Himachal; Retained in Gujarat

You may also like this video

Exit mobile version