Site iconSite icon Janayugom Online

മുസ്ലിം വിരുദ്ധ ആഹ്വാനവുമായി വീണ്ടും വിവാദ ബിജെപി എംഎല്‍എ

തെലങ്കാനയിലെ വിവാദ ബിജെപി എംഎല്‍എ ടി രാജാസിങ് വീണ്ടും മുസ്ലിം വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. ഗോഷാമഹൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് രാജാസിങ്. പര്‍ദ ധരിക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം പാടില്ലെന്ന് ഹിന്ദു സ്ത്രീകളോട് ആവശ്യപ്പെടുന്ന പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായി പുറത്തിറങ്ങിയ ഹിന്ദുത്വ പ്രചാരണ സിനിമകളായ ‘ദ കശ്മീർ ഫയൽസ്’, ‘ദ കേരള സ്റ്റോറി’ എന്നിവയെ പരാമർശിച്ച രാജാസിങ്, ഹിന്ദുക്കൾ മുസ്ലീം സമുദായത്തിൽ നിന്ന് അകന്നുനിൽക്കണമെന്നും ആഹ്വാനം ചെയ്തു.

മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് 2022 ഓഗസ്റ്റിൽ അറസ്റ്റിലായ നേതാവാണ് രാജാസിങ്. ഹൈദരാബാദിൽ ക്രമസമാധാന പ്രശ്നത്തിന് കാരണമായ പരാമര്‍ശം സിങ്ങിനെ ജയിലിലെത്തിച്ചിരുന്നു. രണ്ട് മാസത്തിനുശേഷം തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏതെങ്കിലും മതത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ നിന്ന് വിട്ടുനിൽക്കണം, പ്രകോപനപരമോ അപകീർത്തികരമോ ആയ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം. എന്നാല്‍ പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും മുസ്ലിംകളെ ലക്ഷ്യമിട്ട് സിങ് വീണ്ടും പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുകയാണ്.

ഹൈദരാബാദ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒന്നിലധികം തവണ മുസ്ലിം വിരുദ്ധവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തി. ഇതും ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കുന്നതായിരുന്നു. ഇന്ത്യയിലെ ഹിന്ദു തീവ്രവാദ സംഘടനകൾ സംഘടിപ്പിച്ച റാലികളിൽ പങ്കെടുത്ത് മുസ്ലീങ്ങളെ കീഴ്പ്പെടുത്താനും ബഹിഷ്കരിക്കാനും രാജാ സിങ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരെ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.

 

Eng­lish Sam­mury: Con­tro­ver­sial BJP MLA Raja Sing Telan­gana again with anti-Muslim 

Exit mobile version