ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ അസ്ഥിരപ്പെടുത്തി പകരം പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍. സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവലാതികളോ രാജ്യത്തിന്റെ പ്രശ്നങ്ങളോ ഭരണസിരാകേന്ദ്രത്തില്‍ ഉയരരുത് എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. അണ്‍പാര്‍ലമെന്ററി എന്ന ഗണത്തില്‍പ്പെടുത്തി അറുപതിലധികം വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന നിര്‍ദ്ദേശം ഇതിന്റെ ചുവട് പിടിച്ച് ഉണ്ടായതാണ്.
ഇത്തരം നിലപാടുകള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കും. പാര്‍മെന്റിന്റെ ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് കേന്ദ്രഭരണകൂടം. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം പാടില്ലായെന്ന തീരുമാനം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. പ്രതിഷേധ സ്വരമുയര്‍ത്തുന്ന എംപിമാര്‍ക്കെതിരെ കേസ്സെടുത്ത് പുറത്താക്കുന്ന നയം ജനാധിപത്യത്തെ അട്ടിമറിക്കും. എതിരഭിപ്രായങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഭരണഘടന ശില്‍പ്പികള്‍ സ്വപ്നം കണ്ട രാഷ്ട്രസങ്കല്‍പ്പങ്ങളെ ബിജെപി തകര്‍ക്കുകയാണ്. ഗാന്ധി ഘാതകനെ വാഴ്ത്തുന്ന ബിജെപി രാജ്യത്തിന്റെ ചരിത്രത്തെപ്പോലും വികൃതമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ന്യൂനപക്ഷ മേഖലകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ജീവിതോപാധികള്‍ ഇല്ലായ്മ ചെയ്യുകയാണ്.
ബിജെപി ഭരണം നടത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. ബിജെപിയുടെ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ ഇടതുജനാധിപത്യ മതേതര ശശക്തികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും എ പി ജയന്‍ പറഞ്ഞു. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ എ പി ജയന്‍ ആദരിച്ചു. സി ടി തങ്കച്ചന്‍, രാജേഷ് കുളങ്ങര, ജോസ്ന എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ബുജു പുറത്തൂടനും അനുശോചന പ്രമേയം സുനില്‍പീറ്ററും അവതരിപ്പിച്ചു. മുതിര്‍ന്ന അംഗം ഐ പി കുഞ്ഞ് പതാക ഉയര്‍ത്തി. സ്വാഗത സംഘം കണ്‍വീനര്‍ ഷിനു പി ടി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ബാബു പാലക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ എക്സി അംഗം അഡ്വ കെ ജി രതീഷ് കുമാര്‍, മഹിള സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച, മറുപടി, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം ഇന്ന് സമാപിക്കും.
English Summary: BJP move to destabilize Parliament to bring Presidential rule: AP Jayan
You may like this video also