Site iconSite icon Janayugom Online

ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കാന്‍ ബിജെപിക്ക് മുഖം മൂടി വേണം; ബിനോയ് വിശ്വം

ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കാന്‍ ബിജെപിക്ക് മുഖം മൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
‘സമസ്തഹിന്ദു’ വര്‍ത്തമാനം പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപിക്ക് സാമൂഹ്യ നവോത്ഥാനത്തിന്റെ മഹാ നായകരെല്ലാം വോട്ട് രാഷ്ട്രീയത്തിന്റെ ചവിട്ട് പടി മാത്രമാണ്. അതുകൊണ്ടാണ് ശ്രീ നാരായണ ഗുരുവിനെ അനുസ്മരിക്കാന്‍ അവര്‍ക്ക് ഒബിസി മോര്‍ച്ചയുടെ മുഖം മൂടി വേണ്ടി വരുന്നത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും തിരിച്ചുവരാന്‍ കൊതിക്കുന്ന അവര്‍ മനുസ്മൃതിയുടെ പ്രേതങ്ങള്‍ക്ക് പുനര്‍ജന്മം കൊടുക്കാന്‍ നോമ്പ്‌നോറ്റ് ഇരിക്കുന്നവരാണ്. ദൈവങ്ങളേയും വിശ്വാസങ്ങളേയും നവോത്ഥാന നായകരെയും നോക്കി അവര്‍ പറയുന്നത് ‘ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്’ എന്ന് തന്നെയാണ്. ദിവസങ്ങള്‍ കടന്നുപോകും തോറും ബിജെപിയുടെ തനിനിറം പുറത്തുവരും. ചിന്താ ശേഷിയുള്ള ജനങ്ങള്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശ്രീനാരായണഗുരു വിളിച്ചു ചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലുവ അദ്വൈത ആശ്രമത്തില്‍ വച്ച് അനുസ്മരിച്ചത് ഏതെങ്കിലും അപരനാമത്തില്‍ ആയിരുന്നില്ല. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയെയും അദ്വൈത ആശ്രമത്തിലെ സന്യാസിശ്രേഷ്ഠരെയും പാര്‍ട്ടി ക്ഷണിച്ചത് സ്വന്തംപേരില്‍ തന്നെ ആയിരുന്നു. മൂവായിരത്തില്‍ പരം പാര്‍ട്ടി സഖാക്കളും അനുഭാവികളും ആ മഹത്തായ അനുസ്മരണത്തില്‍ പങ്കെടുത്തു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് പറഞ്ഞ, ‘നമുക്ക് ജാതിയില്ലാ വിളംബരം’ നടത്തിയ, ‘വിദ്യ കൊണ്ടു പ്രബുദ്ധരാവാനും സംഘടന കൊണ്ട് ശക്തരാകുവാനും’ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നത് കേരളത്തിലെ നവോത്ഥാനത്തിന്റെ വഴികാട്ടിയായാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന പരിവര്‍ത്തന മൂല്യങ്ങളുടെ ആദ്യ പഥികരില്‍ അദ്ദേഹത്തിന്റെ പേര് എന്നും ജ്വലിച്ചു നില്‍ക്കും. മഹാന്മാരായ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ്കറുപ്പനും എല്ലാം ആ നിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. അവരോടെല്ലാം സ്വന്തം പേര് ചേര്‍ത്ത് പിടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനമേയുള്ളുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version