Site iconSite icon Janayugom Online

മുനവര്‍ ഫാറൂഖിക്കെതിരെ ബിജെപി പ്രതിഷേധം

munawar farooqimunawar farooqi

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടിയില്‍ ഹിന്ദുത്വ സംഘടനകളുടെയും ബിജെപി പ്രവര്‍ത്തകരുടെയും പ്രതിഷേധം. കനത്ത സുരക്ഷയില്‍ ശില്പകലാ വേദികയില്‍ നടന്ന പരിപാടിയിലേക്ക് ചെറുസംഘങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സീതയെ അപമാനിച്ചുവെന്ന് ആരോപിച്ച് മുനവര്‍ ഫാറൂഖിക്കെതിരെ പ്രതിഷേധിക്കാന്‍ ബിജെപി എംപിയും ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റുമായ ബന്ദി സഞ്ജയ് കുമാര്‍ ആഹ്വാനം ചെയ്തിരുന്നു. നേരത്തെ, ബിജെപി എംഎല്‍എ ടി രാജ സിങ്ങും മുനവ്വറിനെതിരെ രംഗത്തെത്തിയിരുന്നു. ഹൈദരാബാദില്‍ കാലുകുത്തിയാല്‍ പരിപാടി നടക്കുന്നിടത്ത് വെച്ച്‌ തന്നെ മര്‍ദ്ദിക്കുമെന്നും വേദി കത്തിക്കുമെന്നുമായിരുന്നു എംഎല്‍എയുടെ ഭീഷണി. തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പോലീസ് എംഎല്‍എയെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെയും മറ്റ് നാലുപേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം കടുത്ത ആക്രമണങ്ങളാണ് ബിജെപി ഫാറൂഖിക്കെതിരെ നടത്തുന്നത്.
മുനവറിന്റെ പരിപാടികള്‍ ബിജെപിയുടെ ഭീഷണി കാരണം തുടര്‍ച്ചയായി റദ്ദാക്കപ്പെട്ടിരുന്നു. പ്രതിഷേധം ഭയന്ന് ഇന്നലെ ബംഗളുരുവില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. 

Eng­lish Sum­ma­ry: BJP protests against Munawar Farooqui

You may like this video also

Exit mobile version