Site iconSite icon Janayugom Online

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി

2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി. രാഹുല്‍ ഗാന്ധിയുടെ ആരോപണം ബാലിശമാണെന്നും പരീക്ഷയില്‍ തോറ്റ കുട്ടിയുടേതിന് തുല്യമാണെന്നും ബിജെപി ആരോപിച്ചു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മാച്ച് ഫിക്സിങ് നടന്നതായി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം രാഹുല്‍ ഗാന്ധി ശനിയാഴ്ച വീണ്ടും തന്റെ എക്സ് അക്കൗണ്ടിലൂടെ ആവര്‍ത്തിച്ചു.തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഇല്ലാത്ത ആരോപണങ്ങളാണ് തോൽക്കുമ്പോൾ രാഹുൽ ഉന്നയിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥി വീട്ടില്‍വന്ന്, ചോദ്യങ്ങളെല്ലാം സിലബസിന് പുറത്തുനിന്നുള്ളവയായിരുന്നെന്ന് പറയുന്നതുപോലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. അവര്‍ ജയിക്കുമ്പോള്‍ വോട്ടിങ് മെഷീനുകളും തിരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം നല്ലതാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അവര്‍ ഒരു ആരോപണവും ഉന്നയിച്ചില്ല ബിജെപി എംഎല്‍എ രാം കദന്‍ പറഞ്ഞു. കോണ്‍ഗ്രസ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അവര്‍ പ്രതിഷേധമുയര്‍ത്താന്‍ തുടങ്ങി. അവരുടെ കൈയ്യില്‍ തെളിവുകളുണ്ടെങ്കില്‍ അതുമായി കോടതിയില്‍ പോകുന്നതില്‍നിന്ന് അവരെ ആരാണ് തടയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് ഒരുതരത്തില്‍ ഭരണഘടനയെ അവമതിക്കലാണ് രാം കദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിലെയും വോട്ടര്‍ രജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയിലെയും തിരിമറി, കള്ളവോട്ട് തുടങ്ങിയവയിലൂടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം.

തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാഹുല്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മിഷന്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്‌തെന്നും രാഹുല്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ച എക്‌സില്‍ കുറിച്ചു. ഇത്തരം മാച്ച് ഫിക്‌സഡ് തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version