Site iconSite icon Janayugom Online

കശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി സോണിയഗാന്ധിക്ക് ബന്ധമെന്ന് ബിജെപി

കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യ പസഫിക് (എഫ്ഡിഎല്‍എപി) ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്ന് ബിജെപി ആരോപിച്ചു. കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം നേരിടുന്ന അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയാണ് എഫ്ഡിഎല്‍എപി. എന്നും ബിജെപി ആരോപിച്ചു.

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലെ വിദേശശക്തികളുടെ സ്വാധീനമാണ് എഫ്ഡിഎല്‍എപിയും സോണിയയുമായുള്ള ബന്ധത്തില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് ബിജെപി.എംപി. നിഷികാന്ത് ദുബേ എക്‌സില്‍ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ഈ വിഷയത്തില്‍ പത്ത് ചോദ്യങ്ങള്‍ ലോക്‌സഭയില്‍ ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം യുഎസ് നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി ബിജെപി .രംഗത്തെത്തിയത്.

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി) എന്ന ഓണ്‍ലൈന്‍ മാധ്യമവും ജോര്‍ജ് സോറോസും പ്രതിപക്ഷവുമായി കൈകോര്‍ത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനും മോഡി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അദാനിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഒസിസിആര്‍പി. തത്സമയം സംപ്രേഷണം ചെയ്തു. അദാനിയെ വിമര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് ഒസിസിആര്‍പിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ദുബേ കൂട്ടിച്ചേര്‍ത്തു.

Exit mobile version