Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന പോരാട്ടം

മഹാരാഷ്ട്രയില്‍ രാജ്യസഭയിലേക്കുള്ള ആറാമത്തെ സീറ്റില്‍ ബിജെപിയും ശിവസേനയും നേരിട്ടുള്ള മത്സരത്തില്‍. 42 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത്. 105 എംഎല്‍എമാരുള്ള ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. പിയൂഷ് ഗോയല്‍, അനില്‍ ബോണ്ഡെ, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

ശിവസേനയ്ക്ക് 56ഉം, എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം എംഎല്‍എമാരാണുള്ളത്. ശിവസേന സഞ്ജയ് റൗട്ട്, സഞ്ജയ് പവാര്‍ എന്നിവരെയും എന്‍സിപി പ്രഫുല്‍ പട്ടേലിനെയും കോണ്‍ഗ്രസ് ഇമ്രാന്‍ പ്രതാപ്ഗഡിയെയും സ്ഥാനാര്‍ത്ഥിയാക്കി. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും ഓരോ സ്ഥാനാര്‍ത്ഥികളെ വീതം വിജയിപ്പിക്കാന്‍ സാധിക്കും.

ശിവസേനയ്ക്കും ബിജെപിക്കും അവരുടെ ഓരോ സ്ഥാനാര്‍ത്ഥികളെ വീതം വിജയിപ്പിക്കാനുള്ള വോട്ടുകള്‍ പൂര്‍ണമായി കയ്യിലില്ല. ധനഞ്ജയ് മഹാദിക്, സഞ്ജയ് പവാര്‍ എന്നിവര്‍ക്ക് 25നും 30നും ഇടയ്ക്ക് ആദ്യ പരിഗണനാ വോട്ടുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്‍സിപിയുടെ നവാബ് മാലിക്ക്, അനില്‍ ദേശ്‌മുഖ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ശിവസേനയുടെ എംഎല്‍എ രമേഷ് ലട്കെ അടുത്തകാലത്ത് മരണപ്പെട്ടു.

ബിജെപി എംഎല്‍എ ലക്ഷ്മണ്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വോട്ടുകളൊന്നും ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇതേത്തുടര്‍ന്ന് ചെറുകിട പാര്‍ട്ടികളും സ്വതന്ത്ര എംഎല്‍എമാരും നിര്‍ണായകമാകുന്ന സാഹചര്യമാണുള്ളത്. ഏത് പാര്‍ട്ടിയ്ക്കാണ് ഇവരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കുക എന്നത് ഇതുവരെ വെളിവായിട്ടില്ല. എങ്കിലും ഭരണകക്ഷിയായ ശിവസേനയ്ക്കാണ് മുന്‍തൂക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Eng­lish summary;BJP-ShivSena clash in Maharashtra

You may also like this video;

Exit mobile version