Site icon Janayugom Online

പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത് 313.17 കോടി

2021–22 വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത് 313.17 കോടി രൂപ. പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇക്കാലയളവില്‍ ബിജെപി ചെലവഴിച്ച തുകയുടെ 75 ശതമാനവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്യം, യാത്രകള്‍, സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയാണിത്. പരസ്യങ്ങള്‍ക്ക് മാത്രമായി 164.01 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഓഡിയോ, വീഡിയോ സൃഷ്ടികള്‍ക്കായി ചെലവാക്കിയ 18.41 കോടി കൂടാതെയാണിത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മാത്രമായി 72.28 കോടി ചെലവഴിച്ചിട്ടുണ്ട്.

കട്ടൗട്ടുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവയ്ക്കായി 36.33 കോടിയും അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് 22.12 കോടിയും വിനിയോഗിച്ചു. പാർട്ടിയുടെ മൊത്തം ചെലവിന്റെ 37 ശതമാനവും പരസ്യത്തിനും പബ്ലിസിറ്റിക്കുമായി ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) 35.40 കോടിയാണ് ചെലവഴിച്ചത്. ഇതില്‍ 87 ശതമാനവും (30.62 കോടി) പരസ്യത്തിനു വേണ്ടിയാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമായി 31. 54 കോടി ചെലവഴിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ 22.28 കോടിയാണ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. അതേസമയം സിപിഐ, എന്‍സിപി, വൈഎസ്ആര്‍സിപി എന്നീ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.

സിപിഐ (എം) 83.41 കോടി രൂപയും കോണ്‍ഗ്രസ് 400 കോടിയുമാണ് 2021–22 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 268.33 കോടി ചെലവഴിച്ചു. ഇതിന്റെ 50 ശതമാനവും (135.12 കോടി) വിനിയോഗിച്ചത് തെരഞ്ഞെടുപ്പിനു വേണ്ടിയാണ്. ഹെലികോപ്റ്റര്‍, വിമാന യാത്രകള്‍ക്കായി 35.59 കോടി പാര്‍ട്ടി ചെലവഴിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 30.29 കോടിയാണ് 2021–22 കാലയളില്‍ ആംആദ്മി പാര്‍ട്ടി ചെലവഴിച്ചത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (85.17 ), ബിജു ജനതാ ദള്‍ (28.63), ജെഡിയു (4.5), സമാജ്‌വാദി പാര്‍ട്ടി (7.56), ടിആര്‍എസ് (7.12), ടിഡിപി (1.66) കോടിവീതമാണ് ചെലവഴിച്ചത്.

Eng­lish Sum­ma­ry: BJP spent 313.17 crores on advertisements
You may also like this video

Exit mobile version