Site iconSite icon Janayugom Online

ആനന്ദിനെ തള്ളിപ്പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

കോര്‍പറേഷൻ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുമല സ്വദേശിയായ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തതോടെ പ്രതിരോധത്തിലായ ബിജെപി, അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തില്‍.

ഒരു കാലഘട്ടത്തിലും ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞത്. ബിജെപിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടോളം താൻ ആരോഗ്യവും സമയവും നല്‍കിയെന്ന് കടുത്ത മനോവിഷമത്തോടെ സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടും ആനന്ദിനെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റേത്. സ്ഥാനാർത്ഥിപ്പട്ടികയിലോ ഇതുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയിലോ ആനന്ദിന്റെ പേര് ഒരിക്കലും ഉയര്‍ന്നിരുന്നില്ലെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി നേരത്തേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റിൽ മത്സരിക്കാനുള്ള താല്പര്യം ആനന്ദ് നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍ മറ്റൊരാളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിന്റെ മനോവിഷമത്തിലാണ് ആനന്ദ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും മണ്ണ് മാഫിയക്കാരനെയാണ് സ്ഥാനാർത്ഥിയാക്കിയതെന്നും വാട്സ്ആപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദ് തൂങ്ങിമരിച്ചത്. ആനന്ദിന്റെ സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമായിരുന്നു സംസ്കാരം. മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി അന്ത്യാ‍ഞ്ജലി അര്‍പ്പിച്ചു. ആനന്ദിന്റെ ആത്മഹത്യയില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എഫ്ഐആറില്‍ ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മനോവിഷമത്തിലായ ആനന്ദ് സുഹൃത്തിനോട് നടത്തിയ ഫോണ്‍ സംഭാഷണം ഇന്നലെ പുറത്തുവന്നു. പണം, സമയം, ആരോഗ്യം എല്ലാം സംഘടനയ്ക്ക് നൽകിയിട്ടും ഈ പണി കാണിക്കുമ്പോൾ അതെടുത്ത് മടക്കി പോക്കറ്റിൽ വച്ച് വീട്ടിൽ പോയിരിക്കാൻ കഴിയില്ലെന്നാണ് ആനന്ദ് സുഹൃത്തിനോട് പറയുന്നുണ്ട്. ‘ഞാൻ രണ്ടും കല്പിച്ചാണ്. സമ്മർദം എല്ലാ ഭാഗത്ത് നിന്നുമുണ്ട്. മത്സരിക്കാൻ തീരുമാനിച്ചു. ഇത്രയും അപമാനിച്ചിട്ട് അവന്മാരെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല. ഞാൻ ഫൈറ്റ് ചെയ്ത് നിൽക്കുന്ന ആളാണ്. അതിപ്പൊ അപ്പുറത്ത് ഏത് കൊമ്പൻ ആണേലും ഫൈറ്റ് ചെയ്യും. അതാണ് എന്റെ ഐഡന്റിറ്റിയും ആറ്റിറ്റ്യൂഡും. ഇത്രയും നാൾ സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യമെന്ന പോലെയാണ് നിന്നത് — ഫോണ്‍ സംഭാഷണത്തില്‍ ആനന്ദ് പറയുന്നു.

Exit mobile version