Site iconSite icon Janayugom Online

സിബിഐ അധികാരം വിപുലീകരിച്ച് ബിജെപി സംസ്ഥാനങ്ങള്‍; വ്യക്തിഗത കേസുകളും പരിധിയില്‍

ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ സിബിഐയുടെ അധികാരം വിപുലീകരിക്കാന്‍ തീരുമാനം. മധ്യപ്രദേശ്, ഒഡിഷ, ഗോവ സംസ്ഥാനങ്ങളാണ് സിബിഐക്ക് അമിതാധികാരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, അഴിമതി കേസുകള്‍ എന്നിവ അന്വേഷിക്കുന്നതിന് പൊതുസമ്മതം നല്‍കുന്ന വ്യവസ്ഥയാണ് മൂന്നു സംസ്ഥാനങ്ങളും അനുവദിച്ചത്. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ ആറ് പ്രകാരം സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും തുടരന്വേഷണം നടത്താനും ഇതുവഴി സിബിഐക്ക് അധികാരം ലഭിക്കും. 

കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ മാത്രമായിരുന്നു നേരത്തെ സിബിഐക്ക് അനുമതിയുണ്ടായിരുന്നത്. ഇനി മുതല്‍ പൊതുസമ്മതം ആവശ്യമില്ലാതെ തന്നെ സ്വകാര്യ വ്യക്തികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കും. 

ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അഴിമതി കേസുകളില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ സിബിഐക്ക് അന്വേഷണം നടത്താന്‍ സാധിക്കും. പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ കേസെടുത്ത നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച വേളയിലാണ് ബിജെപി സര്‍ക്കാരുകള്‍ സിബിഐക്ക് അമിതാധികാരം നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: BJP states by expand­ing CBI pow­ers; Indi­vid­ual cas­es are also limited
You may also like this video

Exit mobile version