Site iconSite icon Janayugom Online

ബംഗാളില്‍ ഹിന്ദുകാര്‍ഡ് വിതരണവുമായി ബിജെപി

പശ്ചിമ ബംഗാളിലെ മതുവ സമുദായാംഗങ്ങള്‍ക്ക് ഹിന്ദു പൗരത്വ കാര്‍ഡ് വിതരണവുമായി ബിജെപി നേതാവായ കേന്ദ്ര മന്ത്രി. മതപരമായ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ നിന്നും 50 മുതല്‍ 100 രൂപ വരെ ഈടാക്കുകയും ചെയ്യുന്നുണ്ട്.
ബംഗാളില്‍ അനധികൃത കുടിയേറ്റ നടത്തിയ മുസ്ലിങ്ങളെ നാടുകടത്തുകയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് മതുവ സമുദായ അംഗങ്ങള്‍ ഹിന്ദു സര്‍ട്ടിഫിക്കറ്റിനായി നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ താക്കൂര്‍ബാരി ക്യാമ്പില്‍ തടിച്ച് കൂടിയത്.

ക്യാമ്പില്‍ ഹിന്ദു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതായും ഈ കാര്‍ഡ് പൗരത്വ ഭേദഗതി നിയമത്തിന് സാധുതയുള്ളതായും ഇതുവഴി ഇന്ത്യന്‍ പൗരത്വം നേടുക എളുപ്പമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ അപേക്ഷകനും 50 രൂപയോ 100 രൂപയോ അടച്ച് രജിസ്റ്റര്‍ ചെയ്ത് ഫോട്ടോയും ലഭ്യമായ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. ആദ്യം ഞങ്ങൾ ഒരു മതുവ മഹാസംഘ യോഗ്യതാ കാർഡ് ഉണ്ടാക്കുന്നു. തുടർന്ന് ആധാറും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ ഒരു ഹിന്ദു തിരിച്ചറിയൽ കാർഡ് നൽകുന്നു. ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും മതുവ മഹാസംഘ നേതാവുമായ ബിനോയ് ബിശ്വാസ് പറഞ്ഞു.

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിയുടെ പേരിലാണ് ഹിന്ദു കാര്‍ഡ് വിതരണം ചെയ്യുന്നത്. അതിനാല്‍ ഈ കാര്‍ഡ് ഞങ്ങളുടെ സംരക്ഷണ കവചമായി മാറുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോപാല്‍ നഗറില്‍ നിന്നുള്ള ഷെഫാലി മൊണ്ടാല്‍ എന്ന സ്ത്രീ പ്രതികരിച്ചു.
കേന്ദ്ര തുറമുഖ ഷിപ്പിങ്-ജലഗതാഗത മന്ത്രി ശാന്തനു താക്കൂറും സഹോദരന്‍ സുബ്രത താക്കൂറും നേതൃത്വം നല്‍ക്കുന്ന ഓള്‍ ഇന്ത്യ മതുവ മഹാസംഘമാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

പൗരത്വഭേദഗതി നിയമം അനുസരിച്ച് 2024 ഡിസംബര്‍ 31 നകം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ഹിന്ദുകാര്‍ഡ് അനിവാര്യമാണ്. ഇതിന്റെ മറവിലാണ് കേന്ദ്രമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ ദളിത് വിഭാഗമായ മതുവ സമുദായ അംഗങ്ങളില്‍ നിന്ന് പണം വാങ്ങി ഹിന്ദു കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇന്ത്യയിലും ബംഗ്ലദേശിലുമായി വ്യാപിച്ച് കിടക്കുന്ന മതുവ സമുദായ അംഗങ്ങളെ എസ്ഐആറിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

മതുവ സമൂഹത്തിന് ബിജെപി നൽകുന്ന ഹിന്ദു കാർഡുകൾ പൗരത്വത്തിന്റെ തെളിവല്ല. അവ ഏതെങ്കിലും പൗരത്വമോ നിയമപരമായ അവകാശങ്ങളോ നൽകുന്നില്ല. എന്നിട്ടും ആയിരക്കണക്കിന് പേരാണ് ദിനംപ്രതി കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ ഹിന്ദു കാര്‍ഡിനായി എത്തുന്നത്. അതിനായി അണിനിരക്കുന്നു, ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ചൂഷണത്തിൽ നിന്ന് ഇത് തങ്ങളെ സംരക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

Exit mobile version