Site iconSite icon Janayugom Online

എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ ഗോവ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബിജെപിയ്ക്ക് മൗനം

GoaGoa

പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഗോവ ബിജെപിയില്‍ അനിശ്ചിതത്വം തുടരുന്നു. ബിജെപിയുടെ രണ്ട് കേന്ദ്ര നിരീക്ഷകരായ പാർട്ടി ജനറൽ സെക്രട്ടറി ബി എൽ സന്തോഷും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് വൈകിട്ട് ഗോവയിലെത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ഗോവയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഗവർണർ പിഎസ് ശ്രീധരൻ പിള്ള ചൊവ്വാഴ്ച നിയമസഭാ സമ്മേളനം വിളിച്ചു.

അതേസമയം ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര തർക്കം പാർട്ടി അധികൃതർ നിഷേധിച്ചു. ബിജെപി വിജയിച്ച നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കായി കേന്ദ്ര നേതൃത്വം ഏകോപിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ആസൂത്രണം ചെയ്യുകയാണെന്നെന്നാണ് ബിജെപി വക്താക്കളുടെ വാദം.

ശനിയാഴ്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ രാജ്ഭവനിൽ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റൊരു മത്സരാർത്ഥിയായ വിശ്വജിത് റാണെയും ശനിയാഴ്ച ഗവർണറെ കണ്ടു. അതേസമയം കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നാണ് റാണെയുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജി രാജ് ഭവനിൽ ഗവർണർ പി.എസ് ശ്രീധരൻ പിള്ളക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പ്രമോദ് സാവന്തിനോട് ഗവർണർ നിർദേശിച്ചു.

2019ൽ മനോഹർ പരീക്കറിന്‍റെ മരണത്തെ തുടർന്നാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. നിലവിൽ പ്രമോദിന്‍റെയും ക്യാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 2017 ലാണ് കോൺഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബിജെപിയിൽ എത്തിയത്.

തെരഞ്ഞെടുപ്പിൽ 40ൽ 20 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് 11 സീറ്റും ആം ആദ്മി പാർട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും രണ്ട് സീറ്റ് വീതവും നേടി. കോൺഗ്രസ് സ്ഥാനാർഥി ധർമ്മേഷ് സഗ്ലാനിയയെ 650-ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രമോദ് സാവന്ത് സാങ്കേലിം മണ്ഡലം നിലനിർത്തിയത്.
ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടത്തി മാർച്ച് 10 നാണ് ഫലം പ്രഖ്യാപിച്ചത്.

 

Eng­lish Sum­ma­ry: BJP to remain silent on Goa CM’s swear­ing in of MLAs tomorrow

You may like this video also

Exit mobile version