ചരിത്ര സ്മൃതികളും ആവേശകരമായ സമരാനുഭവങ്ങളുമുള്ള തലശ്ശേരിയുടെ മണ്ണിൽ സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. വിവിധ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെട്ട പതാക‑കൊടിമര ജാഥകൾ സംഗമിച്ചതോടെ പൊതുസമ്മേളനവേദിയായ എ ബാലകൃഷ്ണൻ നഗര്‍ ആവേശഭരിതമായി. സമ്മേളന നഗരിയില്‍ പാര്‍ട്ടി മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ പതാക ഉയർത്തി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫിനെ പൊളിക്കാമെന്നത് ബിജെപിയുടെയും യുഡിഎഫിന്റെയും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കുതിരക്കച്ചവടം നടത്തി ഭരണം നേടാമെന്ന് കരുതിയ ബിജെപിക്കും അഞ്ചുവർഷം കഴിഞ്ഞാൽ ഭരണം തിരികെപിടിക്കാമെന്ന് പ്രതീക്ഷിച്ച യുഡിഎഫിനും ജനങ്ങള്‍ തന്നെ തിരിച്ചടി നൽകി. ഭരണമെന്നത് സ്വപ്നം മാത്രമായി പോകുമോയെന്ന് ചിന്തിക്കുന്ന യുഡിഎഫ്, മാന്യതയില്ലാതെ വിമർശനം നടത്തി സ്വയം പരിഹാസ്യരാവുകയാണ്. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കേന്ദ്രഭരണത്തിന് ബദലായി മതനിരപേക്ഷ സഖ്യം മുന്നോട്ട് വരണം. കോൺഗ്രസിന് ഈ സഖ്യത്തോട് യോജിക്കാനാവുമെന്ന് തോന്നുന്നില്ല. നാഥനില്ലാത്ത കളരി പോലെയാണ് കോൺഗ്രസിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും രാജ്യസംഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സി പി ഷൈജൻ സ്വാഗതവും ജനറൽ കൺവീനർ അഡ്വ. എം എസ് നിഷാദ് നന്ദിയും പറഞ്ഞു.
നാളെ രാവിലെ 9.30ന് പ്രദീപ് പുതുക്കുടി നഗറിൽ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
English Summary: BJP-UDF illusion that LDF can be dismantled: Panniyan
You may like this video also