ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ അവസാന തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നടന്നു നീങ്ങുന്നതെന്ന് സംഘപരിവാർ സംഘടകളെ ഉദ്ധരിച്ച് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. സിപിഐ മണലൂർ നിയോജക മണ്ഡലം ബൂത്ത് കൺവീനർമാരുടെയും ബിഎൽഎമാരുടെയും ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വീണ്ടും എത്തിയാൽ തെരഞ്ഞെടുപ്പ് തന്നെ വേണ്ടന്ന് വെയ്ക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് സംഘപരിവാർ സംഘടനകൾ നാഗ്പൂരിൽ യോഗം ചേർന്ന് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി ഓർമ്മപ്പെടുത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനായിരിക്കണം ഇത്തവണ രാഷ്ട്രീയ കേരളം വോട്ടാവകാശം വിനിയോഗിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കത്തിയെരിയുന്ന മണിപ്പൂരിനെ കുറിച്ച് മോഡി പാർലമെന്റിൽ സംസാരിച്ചത് 4 മിനിറ്റ് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിപിഐ മണ്ഡലം സെക്രട്ടറി വി ആർ മനോജ് അധ്യക്ഷനായി. സംസ്ഥാന കൺട്രോൾ കമ്മീഷൻ സെക്രട്ടറി വി എസ് പ്രിൻസ് ക്ലാസ് എടുത്തു. സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ കെ സുബ്രഹ്മണ്യൻ, ജില്ലാ കൗൺസിൽ അംഗം കെ വി വിനോദൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ജയൻ എന്നിവർ സംസാരിച്ചു.
വടക്കാഞ്ചേരി: കേന്ദ്രഭരണത്തിൽ നിന്നും വെറുപ്പിന്റെ രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്നും, മതേതര മൂല്യങ്ങളെയും, ഫെഡറൽ സംവിധാനങ്ങളെയും മാനിക്കുന്ന ഒരു ഭരണകൂടം നിലവിൽ വരണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐ വടക്കാഞ്ചേരി മണ്ഡലം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ശില്‍പശാലഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
26 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഉണ്ടാക്കിയ “ഇന്ത്യ എന്ന മുന്നണി“യുടെ പ്രവർത്തനങ്ങളിൽ ആർഎസ്എസിന് വേവലാതി ഉണ്ടെന്നും, ഈ മുന്നണിയെ കുറെകൂടി വിപുലപ്പെടുത്തി കരുതലോടെ മുന്നേറിയാൽ ബിജെപിയെ ഭരണത്തിൽ നിന്നും തൂത്തെറിയാമെന്ന് വത്സരാജ് കൂട്ടിച്ചേർത്തു. സിപിഐ മണ്ഡലം സെക്രട്ടറി ഇ എം സതീശൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ, ജില്ലാ കൗൺസിൽ അംഗം അഡ്വ. പി കെ പ്രസാദ്, മണ്ഡലം അസി സെക്രട്ടറി എ ആർചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം: ഹിന്ദുത്വ പ്രചാരണത്തിന്റെ മറവിൽ ബിജെപി ലക്ഷ്യമിടുന്നത് കോർപ്പറേറ്റ് ഭരണമാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസ്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡത്തിലെ സിപിഐ ബൂത്ത് കൺവീനർമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും സംയുക്ത ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങാത്ത മുതലാളിത്തം നിലനിർത്തുന്നതിനു വേണ്ടിയാണ് സംഘ പരിവാറിന്റെ നേതൃത്വത്തിൽ മതവിദ്വേഷം വളർത്തി കലാപങ്ങൾ സൃഷ്ടിക്കുന്നത്. അതിന് ഉദാഹരണമാണ് മണിപ്പൂർ കലാപം. സാമ്പത്തികമായി വികസിച്ചു എന്ന് ബിജെപി അവകാശപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ദാരിദ്ര്യം ഏറ്റവും കൂടിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ 70 ശതമാനം സമ്പത്തും വെറും 10 ശതമാനം പേരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മണിപ്പൂരിലെ കലാപത്തിനും പിന്നിലും കേന്ദ്ര സർക്കാരിന്റെ വൻകിട കോർപ്പറേറ്റ് കമ്പനികളുടെ സാമ്പത്തിക‑വാണിജ്യതാൽപര്യങ്ങളാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ ജി ശിവാനന്ദൻ സംഘടന വിശദീകരണം നടത്തി. ജില്ലാ ട്രഷറർ ടി കെ സുധീഷ് തുടർ പ്രവർത്തനം വിശദീകരിച്ചു. മണ്ഡലം അസി. സെക്രട്ടറി അഡ്വ. എ ഡി സുദർശനൻ, ടി എൻ തിലകൻ തുടങ്ങിയവർ സംസാരിച്ചു.
English Summary: BJP, which is slaughtering democracy, should be thrown out of power: Minister
You may also like this video