Site iconSite icon Janayugom Online

വിജയ് രൂപാണിയുടെ ശവസംസ്കാര ചെലവ് ഏറ്റെടുക്കാതെ ബിജെപി

എയർ ഇന്ത്യ വിമാനാപകട ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾക്കുള്ള ചെലവ് ഏറ്റെടുക്കാതെ ബിജെപി. രൂപാണിയുടെ സംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിന് 25 ലക്ഷം രൂപയാണ് ചെലവായത്. എന്നാൽ, പണം നൽകാൻ പാര്‍ട്ടി വിസമ്മതിക്കുകയായിരുന്നു. സംഭവം രൂപാണിയുടെ തട്ടകമായിരുന്ന സൗരാഷ്ട്ര മേഖലയിലെ ബിജെപിയില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. 

ബിജെപിയുടെ ഉന്നത നേതാക്കളെല്ലാം രൂപാണിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, നിരവധി ബിജെപി നേതാക്കൾ, ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ എന്നിവരുടെയെല്ലാം സാന്നിധ്യത്തിൽ രാജ്കോട്ടിലായിരുന്നു സംസ്കാരം. കടുത്ത സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന അവസരത്തിലാണ് രൂപാണിയുടെ കുടുംബത്തോട് ബിജെപി കൊലച്ചതി ചെയ്തത്. നടപടിക്കെതിരെ ഇതിനകം അണികളില്‍ ശക്തമായ അതൃപ്തി ഉയര്‍ന്നിരിക്കുകയാണ്.
വിവാദത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ബിജെപി നേതാക്കളാരും മറുപടി നൽകിയിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സി ആർ പാട്ടീൽ ഒഴിഞ്ഞുമാറി. 

പൂക്കൾ, കൂടാരങ്ങൾ, മറ്റ് ഒരുക്കങ്ങൾ തുടങ്ങിയ ശവസംസ്കാര സാമഗ്രികൾ വിതരണം ചെയ്ത വ്യാപാരികൾ പണം ആവശ്യപ്പെട്ട് വീട്ടുവാതിൽക്കൽ എത്തിയപ്പോഴാണ് ഇതുവരെ തുക നല്‍കിയില്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. പാര്‍ട്ടി തുക അടച്ചില്ലെന്ന് വ്യക്തമായതോടെ സാമ്പത്തികമായി പ്രയാസപ്പെടുന്ന രൂപാണിയുടെ കുടുംബം 25 ലക്ഷം രൂപ തവണകളായി നല്‍കാമെന്ന് കരാറുകാര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.രൂപാണിയുടെ അകാല വിയോഗത്തിന് പിന്നാലെ ബിജെപിയാണ് ബൃഹത്തായ ചടങ്ങ് നടത്തിയതെന്നും ഇതിന്റെ തുക പാര്‍ട്ടി വഹിക്കുമെന്നും സി ആര്‍ പാട്ടീല്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. സംസ്കാര ചെലവ് വഹിക്കില്ലെന്ന നിലപാട് വരുംദിവസങ്ങളില്‍ ഗുജറാത്ത് ബിജെപിയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. 2016 മുതല്‍ 2021 വരെ രണ്ടു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. 

Exit mobile version