Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍ മുതലെടുപ്പിന് തിരംഗ യാത്രയുമായി ബിജെപി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിന് വഴങ്ങി പാതിവഴിയില്‍ അവസാനിപ്പിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ ദേശവ്യാപക യാത്ര നടത്താനൊരുങ്ങി ബിജെപി. സൈനിക ദൗത്യത്തിന്റെ വിജയം ജനങ്ങളുടെ വികാരമാക്കി വോട്ട് നേടാന്‍ ലക്ഷ്യമിട്ടാണ് തിരംഗ യാത്ര സംഘടിപ്പിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പഹല്‍ഗാമില്‍ 26 പേരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഭീകരര്‍ക്കെതിരെ നടത്തിയ സൈനിക നടപടിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പാണ് യാത്രയുടെ ലക്ഷ്യം. ഇതോടൊപ്പം പദ്ധതി ലക്ഷ്യം കാണാതെപോയതും, കൃത്യമായ വിവരം ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളിക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും തണുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ദേശവ്യാപകമായി നടത്തുന്ന യാത്രയില്‍ കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കും.

ഓപ്പറേഷന്‍ സിന്ദൂര്‍ മൂന്നാം കക്ഷിയുടെ ഇടപെടലിന് പിന്നാലെ അവസാനിപ്പിച്ചുവെന്ന വാദം ശക്തമായി നിലനില്‍ക്കെ ഇതിനെതിരെയും പ്രചരണം സംഘടിപ്പിക്കും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തുടരുന്ന മൗനം സജീവ ചര്‍ച്ചയായി നില്‍ക്കുകയാണ്. 2019 ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 42 സിആര്‍പിഎഫ് ജവന്മാരെ ചാവേര്‍ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവം രാജ്യമാകെ ചര്‍ച്ചയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വിമാനമാര്‍ഗം കൊണ്ടുപോകണമെന്ന നിര്‍ദേശം അവഗണിച്ച മോഡി സര്‍ക്കാരിന്റെ നടപടിയെ അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്ക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെ പുല്‍വാമയ്ക്ക് മറുപടി നല്‍കാന്‍ ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ഇന്ത്യ അതിന്റെ വിശദ വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. 

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലും ലഡാക്കിലും ചൈനീസ് ആര്‍മി ക്യാമ്പ് നിര്‍മ്മിച്ചതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയവും മോഡി സര്‍ക്കാര്‍ അവഗണിച്ചു. ഏറ്റവും ഒടുവില്‍ പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടശേഷമായിരുന്നു പ്രത്യാക്രമണം നടത്തിയത്. ഭീകര ക്യാമ്പുകള്‍ തകര്‍ത്തുവെന്നും 40 പാകിസ്ഥാന്‍ സൈനികരെ വധിച്ചുവെന്നും പ്രതിരോധ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യന്‍ തിരിച്ചടിക്ക് പ്രതിപക്ഷവും ജനങ്ങളും ഏകമനസോടെ ഒപ്പം നിന്നപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകേട്ട് പ്രത്യാക്രമണം അവസാനിപ്പിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം രാജ്യത്തും ബിജെപിയിലും ഉയര്‍ന്നിട്ടുണ്ട്.

Exit mobile version