ഗുജറാത്തില്‍ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പാർട്ടി സ്ഥാനാർത്ഥി ജെനിബെൻ ഠാക്കൂറിന്റെ പരാതിയില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സിആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ ബിജെപി പ്രവർത്തകരാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാകളക്ടർ വരുണ്‍കുമാർ ബരാൻവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് സൂപ്രണ്ടിനോടും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
സിറ്റിങ് എംഎല്‍എയായ ഠാക്കൂറാണ് ബനസ്കന്ത ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ രേഖബെൻ ചൗധരിയാണ് എതിരെ മത്സരിക്കുന്നത്. താൻ പോളിങ് ബൂത്തിലെത്തിയപ്പോള്‍ സിആർപിഎഫ് സ്റ്റിക്കറൊട്ടിച്ച വാഹനത്തിലെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.
English Summary: BJP workers threaten voters in Gujarat
You may also like this video