Site iconSite icon Janayugom Online

ഹര്‍ദിക്കിനെ ബിജെപിക്ക് വേണ്ടെന്ന് പട്ടേല്‍ വിഭാഗം നേതാക്കള്‍

പിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവിയടക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസ് വിട്ട ഹര്‍ദിക് പട്ടേലിനെ ബിജെപിക്ക് വേണ്ടെന്ന് ഗുജറാത്തിലെ പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ നേതാക്കള്‍. ബിജെപിയിലെ പട്ടേല്‍ വിഭാഗക്കാരുടെ എതിര്‍പ്പ് നിലനില്‍ക്കേ ഹര്‍ദിക്കിനെ സ്വീകരിക്കുന്നത് പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാമെന്നാണ് സൂചനകള്‍.

ഹര്‍ദിക്കിനെതിരെ പോരാടേണ്ടിവന്നവരാണ് ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ഇത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നം മാത്രമല്ല. വ്യക്തിപരം കൂടിയാണ്. അതുകൊണ്ട് ഹര്‍ദികിനെ ബിജെപിയുടെ സാധാരണ പ്രവര്‍ത്തകര്‍ ആരും അംഗീകരിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതാവും പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ മുന്‍ കണ്‍വീനറുമായ വരുണ്‍ പട്ടേല്‍ പറഞ്ഞു. ഹര്‍‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും അവര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല. ഒരു തെരഞ്ഞെടുപ്പിലും അവര്‍ക്ക് വിജയിക്കാനായില്ല. സര്‍ക്കാര്‍ രൂപീകരിക്കാനും കഴിഞ്ഞില്ല. ബിജെപിയില്‍ ചേരാനുള്ള ഹര്‍ദിക്കിന്റെ തീരുമാനം നിഷ്‌ഫലമാകും. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടത് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാണെന്നും വരുണ്‍ പട്ടേല്‍ പറഞ്ഞു.

 

ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന സംവരണ പ്രക്ഷോഭം ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. 2019ലാണ് ഹര്‍ദിക് ബിജെപിക്കെതിരെയുള്ള പോരാട്ടം കുറിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴി‍ഞ്ഞ ഡിസംബറില്‍ പിസിസി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് ജഗദീഷ് താക്കോറിനെ നിയമിച്ചതോടെ ഹര്‍ദിക് പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ പ്രകടമാക്കിത്തുടങ്ങി. ഒത്തുതീര്‍പ്പെന്ന നിലയില്‍ വര്‍ക്കിങ് പ്രസിഡന്റായി ഹര്‍ദിക്കിനെ എഐസിസി നിയമിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നായി ഹര്‍ദിക്. ഈ ആവശ്യത്തോടും അനുകൂല നിലപാടായിരുന്നില്ല കോണ്‍ഗ്രസിന്. ഇതോടെയാണ് പാര്‍ട്ടി വിടുന്നതിന് തീരുമാനിച്ചത്. പാട്ടീദാര്‍മാര്‍ക്കിടയിലും ഹര്‍ദിക്കിന്റെ സ്വീകാര്യത നഷ്ടപ്പെട്ട അവസ്ഥയാണിപ്പോള്‍. ബിജെപിയിലും എതിര്‍പ്പുകള്‍ പ്രകടമായ സ്ഥിതിക്ക് മറ്റുസാധ്യതകളും ഹര്‍ദിക് തേടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആംആദ്മിയുടെ ഗുജറാത്ത് പ്രവേശം കെജ്‌രിവാള്‍, ഭഗവന്ത് മന്‍ സന്ദര്‍ശനത്തോടെ ഏറെ ചര്‍ച്ചയാണ്. ആ വഴിക്കും ഹര്‍ദിക് പട്ടേല്‍ സഞ്ചരിച്ചേക്കാമെന്നാണ് ഇന്ത്യാ ടുഡെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

സ്വതന്ത്ര എംഎല്‍എയായി സഭയിലെത്തിയ ജിഗ്നേഷ് മേവാനിയെയാണ് കോണ്‍ഗ്രസ് ഹര്‍ദിക്കിന് പകരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വദ്ഗാം മണ്ഡലത്തില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് മേവാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അസം പൊലീസിന്റെ അറസ്റ്റും സംഭവങ്ങളും ഗുജറാത്തില്‍ മേവാനിയുടെ ജനപിന്തുണ കൂട്ടിയിട്ടുമുണ്ട്.

 

Eng­lish sum­ma­ry: With Hardik Patel leav­ing the Con­gress, Gujarat Pati­dar lead­ers said, BJP work­ers will not accept him

Exit mobile version