Site iconSite icon Janayugom Online

ബിജെപി വാദം പൊളിയുന്നു: ഒഴിവ് 15; അപേക്ഷയുമായെത്തിയത് 11,000ത്തോളം യുവാക്കള്‍

സര്‍ക്കാര്‍ ജോലിക്കുള്ള 15 ഒഴിവിലേക്ക് അപേക്ഷയുമായെത്തിയത് 11,000‑ത്തോളം യുവാക്കള്‍. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നാണ് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിപ്പെടുത്തുന്ന ഈ വാര്‍ത്ത. പ്യൂണ്‍, വാച്ച്‌മെന്‍, ഡ്രൈവര്‍ തസ്തികകളിലേക്കാണ് ഇത്രയധികം യുവാക്കള്‍ അപേക്ഷയുമായെത്തിയത്.

മധ്യപ്രദേശില്‍നിന്ന് മാത്രമല്ല, സമീപസംസ്ഥാനമായ ബിജെപിയുടെ ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍നിന്നുള്ള യുവാക്കളും തൊഴില്‍ തേടി എത്തിയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഏകദേശം 11,000 തൊഴില്‍രഹിതരായ യുവാക്കള്‍ ഗ്വാളിയോറിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്താംക്ലാസ് വിജയമാണ് മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ബിരുദം, ബിരുദാനന്തരം, എന്‍ജിനീയറിങ്, എംബിഎ യോഗ്യത ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. സിവില്‍ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരും ഭാഗ്യപരീക്ഷണത്തിന് എത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റിനെ കുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉയര്‍ത്തിയ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് തൊഴില്‍ തേടിയെത്തിയവരുടെ വന്‍കൂട്ടം. ഒരു വര്‍ഷം ഒരു ലക്ഷം പേരെ റിക്രൂട്ട് ചെയ്യും. ഒഴിവുകള്‍ നികത്താനുള്ള ഒരുമാര്‍ഗവും ഉപേക്ഷിക്കില്ല- എന്നായിരുന്നു കുറച്ചുദിവസം മുന്‍പ് ചൗഹാന്‍ പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Eng­lish Sumamry:BJP’s argu­ment falls apart: 15 vacan­cies; About 11,000 young peo­ple came for­ward with applications
You may also like this video:

Exit mobile version