Site iconSite icon Janayugom Online

ബിജെപിയുടെ ‘ക്രിസ്ത്യന്‍ പാര്‍ട്ടി’ പൊളിഞ്ഞു

BJPBJP

ക്രൈസ്തവ സഭകളെ കൂടെ നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒത്താശയോടെ രൂപീകരിച്ച നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍ (എൻപിപി) പൊട്ടിത്തെറി. പാ­ര്‍ട്ടി രൂപീകരണത്തിന് മുന്നില്‍ നിന്ന വര്‍ക്കിങ് പ്രസിഡന്റ് ജോണി നെല്ലൂരും അനുയായികളും പാര്‍ട്ടി വിട്ടു. ജില്ലാ ഘടകങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുമ്പേയാണ് പാര്‍ട്ടി അടിച്ചു പിരിഞ്ഞത്. ഭാഗ്യം തേടിയെത്തിയവരാണ് പാർട്ടി വിട്ടതെന്നാണ് ഔ­ദ്യോഗിക പക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ഭാഗ്യാന്വേഷികളാണ് അവിടെ കടിച്ചുത്തൂങ്ങുന്നതെന്നാണ് ജോണി നെല്ലൂരും കൂട്ടരും തിരിച്ചടിക്കുന്നത്. ഇതിനിടയിൽപ്പെട്ട് മോഹഭംഗമനുഭവിക്കുന്നത് സംഘ്പരിവാറും. 

കോൺഗ്രസിലെയും കേരളാ കോൺഗ്രസുകളിലെയും സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട ക്രൈ­സ്തവ വിഭാഗങ്ങളിൽപ്പെട്ട ചില നേതാക്കളുടെ നേതൃത്വത്തിൽ രൂപം കൊണ്ടതായിരുന്നു പാർട്ടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവ ഗ്രൂപ്പുകളെക്കൂടി ഇതോട് ചേർക്കാൻ സംഘ്പരിവാർ തലത്തിലും ത­കൃതിയായ നീക്കം നടക്കുന്നുണ്ടായിരുന്നു. കോൺഗ്രസിലും കേരളാ കോൺഗ്രസുകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട ചില മതമേലധ്യക്ഷന്മാരെ പിൻവാതിലിലൂടെ പലതവണ സന്ദർശിച്ച്, അവരുടെ അനുഗ്രഹാശിസുകൾ പാർട്ടിക്ക് ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസ് ദേശീയ നേതാവ് ഇന്ദ്രേഷ് കുമാർ അടക്കമുള്ളവർ കൊണ്ടുപ്പിടിച്ച ശ്രമം നടത്തിയിരുന്നു.
കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക‌്സഭാ മണ്ഡലങ്ങളിലെ ക്രൈ­സ്തവ വോട്ടുകളിലായിരുന്നു ആർഎസ്എസിന്റെയും ബിജെപിയുടെയും കണ്ണ്. തുടക്കത്തിൽ, ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) എന്ന പേരിലൊരു സംഘടനയാണ് രൂപീകരിച്ചത്.

ആർഎസ്എസ് നിർദേശപ്രകാരം, ഹിന്ദു പാർലമെന്റ് അടക്കമുള്ള ചില ഹൈന്ദവ സംഘടനകൾ കൂടി ബിസിഎസുമായി സഹകരിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നതോടെ, പ്ലാറ്റ്ഫോം വിശാലമാക്കാനായി പേരിൽ മാറ്റം വരുത്തി നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്ന രാഷ്ട്രീയ പേര് എടുത്തണിയുകയായിരുന്നു. പ്രത്യുപകാരമായി നേതാക്കൾക്ക് കേന്ദ്ര സർക്കാർ ഉടമയിലുള്ള ബോർഡ്, കോർപറേഷൻ തുടങ്ങിയവയിൽ പദവികൾ പങ്കിടുന്ന കാര്യത്തിൽ വരെ ഏതാണ്ട് തീരുമാനമാവുകയും ചെയ്തിരുന്നു. അതിനിടയിലാണ്, മണിപ്പൂരിലും യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സർക്കാരിന്റെയും സംഘ്പരിവാർ സംഘടനകളുടെയും നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണങ്ങൾ രൂക്ഷമായത്. ഇതോടെ, ചുവടിളകിത്തുടങ്ങിയ എൻപിപി, സ്വതന്ത്ര സംഘടന എന്ന ലേബൽ സ്വീകരിക്കാനും ആരുമായും കൂടാനും സ്വയം സന്നദ്ധരായെങ്കിലും ആരും ഗൗനിച്ചില്ല. തുടക്കത്തിൽ ചില ഭാഗങ്ങളിൽ നിന്ന് ചെറിയ തോതിലെങ്കിലും കിട്ടിയ പിന്തുണ പാടേ ഇല്ലാതാവുകയും ചെയ്തു. ഇതേത്തുടർന്ന്, ഉടലെടുത്ത വൈരുദ്ധ്യം മൂർച്ഛിച്ചതിന്റെ അനന്തരഫലമാണ് വർക്കിങ് പ്രസിഡന്റിന്റെയും കൂട്ടരുടെയും കളം കാലിയാക്കൽ എന്നാണ് വിലയിരുത്തൽ. 

Eng­lish Sum­ma­ry: BJP’s ‘Chris­t­ian Par­ty’ collapsed

You may also like this video

Exit mobile version