Site icon Janayugom Online

ബിജെപിയുടെ രാഷ്ട്രീയ നാടകം വീണ്ടും; മലയാറ്റൂര്‍ മലകയറ്റവുമായി എ എന്‍ രാധാകൃഷ്ണന്‍

ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടില്‍ കണ്ണുംനട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന അഭ്യാസങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാരഹണമായി മാറുകയാണ് വീണ്ടും മലയാറ്റൂര്‍ മല കയറാനുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ ശ്രമം. കഴിഞ്ഞ ദുഃഖവെള്ളി ദിവസം മല കയറാന്‍ എത്തിയെങ്കിലും എ എന്‍ രാധാകൃഷ്ണന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.വലിയ പ്രചരണങ്ങള്‍ കൊടുത്തുകൊണ്ട് നടത്തിയ മല കയറ്റം പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയതിനെ തുടര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു രാധാകൃഷ്ണന് നേരിടേണ്ടി വന്നത്.

അന്ന് രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകര്‍ മല കയറിയിരുന്നു. ഇവര്‍ അതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തോടെയാണ് വിമര്‍ശനം ശക്തമായത്. ഈ ഫോട്ടോകള്‍ക്ക് താഴെ അതിരൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും കമന്റുകളായി വന്നിരുന്നു. രാധാകൃഷ്ണന്‍ നടത്തുന്നത് പ്രഹസനമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈസ്റ്റര്‍ ദിനത്തില്‍ പാര്‍ട്ടി നേതാക്കള്‍ പള്ളികളിലെത്തി സഭാ മേലധ്യക്ഷന്മാരെ കണ്ടിരുന്നു, ക്രിസ്ത്യന്‍ വീടുകളിലും പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോഡിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നന്ദി മോഡി ക്യാമ്പയിനും സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് മോഡിയുടെ ഈസ്റ്റര്‍ ആശംസ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ക്രിസ്തുമസ് കാലത്തും നരേന്ദ്ര മോഡിയുടെ ആഹ്വാന പ്രകാരം സ്നേഹ സംവാദമെന്നപേരില്‍ ക്രിസ്ത്യന്‍ ഗൃഹ സന്ദര്‍ശന പരിപാടികള്‍ ബിജെപി നടപ്പിലാക്കിയിരുന്നു.

രാജ്യത്തുടനീളം ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സഭയ്ക്കകത്തും വിശ്വാസികള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പ്രീണന നടപടികളുമായി ബിജെപി രംഗത്തെത്തുവരുന്നത്. ക്രൈസ്തവ വിഭാഗങ്ങളുടെ വോട്ട് മാത്രമാണ് ലക്ഷ്യമെന്നു ഇവിടുത്തെ സാധാരണ വിശ്വാസ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് എ എന്‍ രാധാകൃഷണന്റെ മലകയറ്റം വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയോട് അടുപ്പിക്കന്‍ വിവിധ ശ്രമങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നത്. ബിജെപിയുടെ ഈ നിലപാടിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നു. ബിജെപി സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വളരെ ഭയത്തോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് കാണുന്നത്.

തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമോയെന്നു കോണ്‍ഗ്രസ് ഭയപ്പെടുന്നു. തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ പോകുമോയെന്നും ആശങ്കയിലാണ് കോണ്‍ഗ്രസ്. ക്രൈസ്തവ വിഭാഗങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.എല്‍ഡിഎഫിന് ബാലികേറാ മലയായ പല മണ്ഡലങ്ങളും ഇന്നു കിട്ടി തുടങ്ങിയതും,അതു നിലനിര്‍ത്തുന്നതും ക്രൈസ്തവ വിഭാഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമമായി വോട്ട് ചെയ്യുന്നതിനാലാണ്. കോണ്‍ഗ്രസും, യുഡിഎഫും കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

സംഘപരിവാര്‍ ഉയര്‍ത്തുന്ന തീവ്ര വര്‍ഗ്ഗീയതയെ എതിര്‍ക്കാര്‍ കേരളത്തില്‍ എല്‍ഡിഎഫിന് മാത്രമേ കഴിയുവെന്നും ന്യനപക്ഷ വിഭാഗം തിരിച്ചറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സന്ധി ചെയ്യുകയാണ്. മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചു പോരുന്നത് ഇതൊക്കെയാണ് കോണ്‍ഗ്രസിനെ ന്യൂനപക്ഷങ്ങള്‍ എതിര്‍ക്കാന്‍ കാരണമായിട്ടുള്ളത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പെടാപാടുപെടുകയാണ്, അതിനിടിലാണ് ബിജെപിയുടെ കടന്നു കയറ്റം.

ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പെന്ന് മുതിര്‍ന്ന നേതാവ് കെസി ജോസഫ് പറഞ്ഞതും പാര്‍ട്ടിയുടെ ഭയത്തിന്‍റെയും,ആശങ്കയുടേയും ഭാഗമാണ്. അതീവഗൗരവതരമായ സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് പ്രവർത്തിക്കണമെന്നാണ് കെ സി അഭിപ്രായപ്പെട്ടത്.

വിഷു ദിനത്തില്‍ ക്രൈസ്തവ പുരോഹിതരെയും വിശ്വാസികളെയും ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചിരുന്നു. പല ക്രിസ്ത്യന്‍ പുരോഹിതന്മാരും ബിജെപിയെയും ആര്‍എസ്എസിനെയും അനുകൂലിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: BJP’s polit­i­cal dra­ma again; AN Rad­hakr­ish­nan with Mala­yararur moun­tain climbing

You may also like this video:

Exit mobile version