വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഒരു മാസം നീണ്ടുനിൽക്കുന്ന കാശി തമിഴ് സംഗമം തമിഴ്‌നാട്ടിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞുകയറ്റ തന്ത്രം. ഭാഷാ സ്നേഹികളായ തമിഴ്‍ ജനതയ്ക്കിടയില്‍ വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്താനാകുമെന്നത് സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയെയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലാക്കി.
‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് വാരാണസിയിൽ കാശി-തമിഴ് സംഗമം നടക്കുന്നത്. തമിഴ്‍നാടും വാരാണസിയും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാൻ പരിപാടി വഴിയൊരുക്കുമെന്ന് സംഘാടകര്‍ പ്രചരിപ്പിക്കുന്നു. ആദിത്യനാഥ് സർക്കാരാണ് സംഗമം സംഘടിപ്പിക്കുന്നത്. വാരണാസിയിലെ ആംഫി തിയേറ്റർ ഗ്രൗണ്ടിൽ തമിഴ്‍നാടിന്റെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന 75 ഓളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകളിൽ തമിഴ്‌നാട്ടിലെ ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും കൈത്തറികളും പ്രദർശിപ്പിക്കും.
സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്ന പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. തമിഴ് ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകാെണ്ടുള്ള നരേന്ദ്ര മോഡിയുടെ പ്രസംഗം തമിഴ്ജനതയില്‍ ഹിന്ദുത്വ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ “സംസ്കൃതവും തമിഴും ശിവനിൽ നിന്നാണ് ഉത്ഭവിച്ചത്” എന്ന പ്രസംഗവും തമിഴ്‌നാട്ടിൽ ചര്‍ച്ചയായിട്ടുണ്ട്. വേദിയിലുണ്ടായിരുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള മതനേതാക്കളെ മോഡിയും ആദിത്യനാഥും തലകുനിച്ചു വണങ്ങുന്ന വീഡിയോയും ചിത്രങ്ങളും സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇളയരാജയുടെ ഓർക്കസ്ട്ര ഒരുക്കിയ രുദ്ര മന്ത്രാലാപനവും തമിഴ് വാർത്താ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കാന്‍ ബിജെപി വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുക. യുപിയില്‍ അത് ‘ബുൾഡോസർ’ രാഷ്ട്രീയമായിരുന്നു. മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചു. ഝാർഖണ്ഡിലും തെലങ്കാനയിലും മുഖ്യമന്ത്രിമാരായ ഹേമന്ത് സോറനും കെ ചന്ദ്രശേഖർ റാവുവിനും എതിരെയുള്ള കടന്നാക്രമണമാണ് സ്വീകരിച്ചത്. തമിഴ്‍നാട്ടില്‍ സംസ്കാരത്തെ ഉപയോഗിച്ചാണ് കടന്നുകയറ്റത്തിന് ശ്രമിക്കുന്നത്. ഹൈദരാബാദ് ദേശീയ എക്സിക്യൂട്ടീവിലെടുത്ത ദക്ഷിണേന്ത്യ പിടിക്കുക എന്ന തീരുമാനം ഏതുവിധേനയും നടപ്പാക്കാനാണവരുടെ ശ്രമം. 2022 മേയ് മുതൽ ഇതുവരെ നാല് തവണ മോഡിതമിഴ്‌നാട് സന്ദർശിച്ചു. ഏത് ദക്ഷിണേന്ത്യൻ സംസ്ഥാനം സന്ദർശിക്കുമ്പോഴും തമിഴ്‌നാട്ടിലെ ഒരു ജില്ലയിലെങ്കിലും എത്തുക എന്ന തന്ത്രമാണ് കേന്ദ്രമന്ത്രി അമിത് ഷായുടേത്.
English Summary: BJP’s ‘Tamil Sangam’ to infiltrate Tamil Nadu, Kashi ganga
You may also like this video