Site icon Janayugom Online

ചോരക്കൊതിയന്മാർ അയാളെയും കൊല്ലുമോ എന്ന പേടിയായിരുന്നു അവളില്‍

‘വീട് കത്തിക്കൊണ്ടിരിക്കെയാണ് ഭാര്യയും മകനും ചേർന്ന് വിശ്വജിത്തിനോട് ദൂരേക്ക് ഓടിപ്പോയിക്കൊള്ളാൻ നിർദേശിച്ചത്. അവിടെ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത ആ ചോരക്കൊതിയന്മാർ അയാളെ കൊല്ലുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതെല്ലാം പറഞ്ഞപ്പോൾ ആ പാവം സ്ത്രീക്ക് ദുഃഖം നിയന്ത്രിക്കാനായില്ല. മുമ്പിൽ സങ്കടത്തോടെ പകച്ചുനിന്ന സ്വന്തം മകനെ അവർ തന്നിലേക്ക് ചേർത്തുപിടിച്ചു. അവനെയും കൊല്ലുമോയെന്ന് അവർ എല്ലാവരോടുമായി ചോദിച്ചു’ — കത്തുന്ന ത്രിപുരയിലെത്തിയ ഇടതുനേതാക്കളോട് ഭയന്നുവിറയ്ക്കുന്ന ജനതയുടെ വാക്കുകള്‍ വിവരിക്കുകയാണ് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി.

അദ്ദേഹം ഇങ്ങനെ തുടങ്ങി;

കലികാപൂരിലെ പകുതി കത്തിയമർന്ന വീടിന്റെ മുറ്റത്തുനിന്ന് മധ്യവയസ്കയായ ഒരു പാവപ്പെട്ട സ്ത്രീ നൊന്ത് കരയുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ആ രാത്രിയിൽ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളാണ് വിതുമ്പലുകൾക്കിടയിൽ അവർ എണ്ണിപ്പറഞ്ഞത്. ഇടത് കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി ജയിച്ച മണ്ഡലമാണത് — രാം നഗർ. ബിജെപിയിൽ നിന്ന് ആ സീറ്റ് ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. എന്തുചെയ്തും ത്രിപുരയിലെ ഭരണം നിലനിര്‍ത്താൻ തുനിഞ്ഞിറങ്ങിയ മോഡിയുടെയും അമിത് ഷായുടെയും പാർട്ടിക്ക് രാം നഗറിലെ പരാജയം സഹിക്കാനാവാത്തതായിരുന്നു. അതിന്റെ കാരണക്കാരായ ഇടതുപക്ഷ പ്രവർത്തകരോടും അനുഭാവികളോടും സന്ധിയില്ലാത്ത വൈരാഗ്യത്തോടെ ആ രാത്രി തന്നെ അവർ കണക്കുതീർക്കാൻ പുറപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ സജീവമായി പ്രവർത്തിച്ചവരുടെ വീടുകൾ ആക്രമിക്കാൻ ഒട്ടും വൈകിയില്ല. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തിയ വിശ്വജിത്ത് ദാസിന്റെ (യഥാർത്ഥ പേര് ഇതല്ല തങ്ങളുടെ പേരുകൾ പുറത്ത് പറയരുതെന്ന് ഒരുപാട് പേർ ഞങ്ങളോട് പറഞ്ഞു. ഭയപ്പാടിന്റെ നടുവിൽ നിന്ന് അവർ ഇപ്പോഴും മോചിതരായിട്ടില്ല.)


പൂര്‍ണരൂപം വായിക്കാം: ത്രിപുര ഇപ്പോള്‍ തീപ്പുരയാണ്


വീട് കത്തിക്കൊണ്ടിരിക്കെയാണ് ഭാര്യയും മകനും ചേർന്ന് വിശ്വജിത്തിനോട് ദൂരേക്ക് ഓടിപ്പോയിക്കൊള്ളാൻ നിർദേശിച്ചത്. അവിടെ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത ആ ചോരക്കൊതിയന്മാർ അയാളെ കൊല്ലുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതെല്ലാം പറഞ്ഞപ്പോൾ ആ പാവം സ്ത്രീക്ക് ദുഃഖം നിയന്ത്രിക്കാനായില്ല. മുമ്പിൽ സങ്കടത്തോടെ പകച്ചുനിന്ന സ്വന്തം മകനെ അവർ തന്നിലേക്ക് ചേർത്തുപിടിച്ചു. അവനേയും കൊല്ലുമോയെന്ന് അവർ എല്ലാവരോടുമായി ചോദിച്ചു. ഞങ്ങളുടെ കൂടെ അപ്പോൾ മണിക് സർക്കാർ ഉണ്ടായിരുന്നു. ജനങ്ങൾ സ്നേഹത്തോടെ മണിക് ദാ എന്ന് വിളിക്കുന്ന ത്രിപുരയുടെ മുൻ മുഖ്യമന്ത്രി ആ അമ്മയേയും മകനേയും ആശ്വസിപ്പിച്ചു. കണ്ണീർ തോർന്നിട്ടേ ഞങ്ങൾ പോകൂ എന്ന് അദ്ദേഹം പറഞ്ഞു. നൈറ്റിക്ക് മീതെ കിടന്ന തോർത്തുകൊണ്ട് ആ അമ്മ തന്റെയും മകന്റെയും കണ്ണീരൊപ്പി. മണിക്ദാ അവനോട് പേരും ക്ലാസും ചോദിച്ചു. അവൻ നേർത്ത പുഞ്ചിരിയോടെ ഉത്തരം പറഞ്ഞു.

മടങ്ങുമ്പോൾ മണിക്ദാ അവനോട് ചോദിച്ചു. ‘വലുതാകുമ്പോൾ നിനക്ക് ആരാകണം?’ വിടർന്ന പുഞ്ചിരിയോടെ ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു, ‘കോമ്രേഡ്’! കനത്ത കഷ്ട നഷ്ടങ്ങൾക്കിടയിലും ത്രിപുര പുലർത്താൻ ശ്രമിക്കുന്ന ആത്മവിശ്വാസത്തിന്റെ മുഴക്കമാണ് അതെന്ന് എനിക്ക് തോന്നി. ബിനോയ് വിശ്വം കുറിച്ചു…

 

Eng­lish Sam­mury: bjp’s vio­lence; left ant con­gress mps vis­it in tripura

 

Exit mobile version