Site iconSite icon Janayugom Online

തൊഴിലാളി വിരുദ്ധതക്കെതിരെ സെപ്റ്റംബര്‍ 23ന് കരിദിനം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും അടുത്ത മാസം 23ന് ദേശവ്യാപക കരിദിനം ആചരിക്കും. എഐടിയുസി അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാകും കരിദിനം ആചരിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. സാധാരണ ജനങ്ങളെ വിസ്മരിച്ച കേന്ദ്ര ബജറ്റ് കുത്തക കമ്പനികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ‑തൊഴിലാളി വിരുദ്ധ നിലപാട് ജനങ്ങളെ ബോധിപ്പിക്കും. 

2020ല്‍ കോവിഡ് കാലത്താണ് മൂന്ന് നിയമങ്ങള്‍ മോഡി സര്‍ക്കാര്‍ പാസാക്കിയത്. കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദിഷ്ട ബില്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് വാരിക്കോരി നല്‍കുന്ന സൗജന്യങ്ങള്‍ അംഗീകരിക്കില്ല.
ആരോഗ്യ‑ഇന്‍ഷുറന്‍സ് മേഖലയില്‍ 18 ശതമാനം ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തെപ്പോലും താറുമാറാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അടുത്ത മാസം നടത്തുന്ന ദേശവ്യാപക കരിദിനത്തിന് പിന്നാലെ നവംബര്‍ 26ന് ദേശവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

Exit mobile version