പ്രവാചകനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍. ബിജെപി എംഎല്‍എയായ രാജ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാജ സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ സി വി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതേ തുടര്‍ന്ന് പ്രതിഷേധം നടന്നിരുന്നു.വിവാദ പരാമര്‍ശത്തിലൂടെ രാജ സിങ് മതവികാരം വ്രണപ്പെടുത്തിയെന്നും ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ബഷീര്‍ ഭാഗിലെ കമ്മീഷണര്‍ ഓഫീസിന് മുമ്പിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
നേരത്തെ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി തടയണമെന്ന ആഹ്വാനവുമായി രാജാ സിങ് രംഗത്തെത്തിയത് വിവാദമായിരുന്നു. മുനവ്വര്‍ ഫാറൂഖി ഹൈദരാബാദില്‍ നടത്താനിരുന്ന പരിപാടിക്കെതിരെയായിരുന്നു രാജയുടെ പരാമര്‍ശം.പരിപാടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പരിപാടി നടക്കുന്ന വേദി കത്തിക്കുമെന്നുമായിരുന്നു രാജയുടെ പരാമര്‍ശം. ഹിന്ദു ദൈവങ്ങളെ കളിയാക്കിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നാരോപിച്ചായിരുന്നു രാജ ഫാറൂഖിയെ മര്‍ദിക്കുമെന്ന ഭീഷണിയുമായി എത്തിയത്. ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും രാജ ആരോപിച്ചു.മുനവ്വര്‍ ഫാറൂഖിക്കും അവരുടെ മാതാവിനെതിരേയും രാജ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
ഇതേ വീഡിയോയില്‍ തന്നെ പ്രവാചകനെതിരേയും രാജ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.‘മുമ്പ് ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ വേണ്ടി തെലങ്കാന മന്ത്രിയായിരുന്ന കെടിആര്‍ ക്ഷണിച്ചിരുന്നു. ഇതിന് വേണ്ടി വന്‍ പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. പക്ഷേ അന്ന് എല്ലാ ഹിന്ദുത്വ ഗ്രൂപ്പുകളും ഒരുമിച്ച് കൂടി ഫാറൂഖിക്ക് എതിരെ തിരിഞ്ഞു. അത് കണ്ട് പേടിച്ച് ഫാറൂഖി പരിപാടിയും കാന്‍സലാക്കി ഓടി,’ എന്നായിരുന്നു രാജാ സിങ് വീഡിയോയില്‍ പറഞ്ഞിരുന്നത്.
ഞാനിത് ഗൗരവത്തോടെ തന്നെ പറയുന്നതാണ്. തെലങ്കാനയിലെ ക്രമസമാധാന നിലയെ കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. കെടിആര്‍, നിങ്ങള്‍ക്ക് അത് തകര്‍ക്കരുത് എന്നുണ്ടെങ്കില്‍ ദയവായി ആ കൊമേഡിയനെ ഇവിടെ കൊണ്ടുവരാതിരിക്കുക.എന്നിട്ടും അവനെ വിളിക്കണം എന്നാണെങ്കില്‍ നമുക്ക് കാണാം. പരിപാടി നടക്കുന്നത് എവിടെയാണോ അവിടെ വെച്ച് ഞങ്ങള്‍ അവനെ തല്ലും.
അവന് വേണ്ടി ആരൊക്കെ വേദി നല്‍കാന്‍ തീരുമാനിക്കുന്നുവോ ആ വേദി ഞങ്ങള്‍ കത്തിക്കും. ഇനി എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കെ.ടി.ആറിനും സര്‍ക്കാരിനും പൊലീസിനുമായിരിക്കും,’ രാജ പറഞ്ഞു.തെലങ്കാനയിലെ ഘോഷമഹലില്‍ നിന്നുള്ള എംഎല്‍എയാണ് രാജ സിങ്.
English Summary: blasphemy of the prophet; BJP MLA arrested in Hyderabad
You may also like this video: