ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയില്‍ പൊട്ടിത്തെറി. ഒരു മന്ത്രിക്കെതിരെ പാര്‍ട്ടി മന്ത്രിമാരും എംഎല്‍എമാരും തന്നെ രംഗത്തുവന്നത് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന് വെല്ലുവിളിയായി. സംസ്ഥാന ഘടകത്തിലെ ആഭ്യന്തര കലഹങ്ങളില്‍ ദേശീയ നേതൃത്വവും ആശങ്കയിലാണ്. സാഗര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ഗോപാൽ ഭാർഗവ, എംഎല്‍എമാരായ ശൈലേന്ദ്ര ജെയിൻ, പ്രദീപ് ലാരിയ, ബിജെപി ജില്ലാ പ്രസിഡന്റ് ഗോവിന്ദ് സിങ് രാജ്പുത് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതിയുന്നയിച്ചു. മന്ത്രി ഭൂപേന്ദ്രസിങ്ങിന്റെ പ്രവർത്തനങ്ങൾ തങ്ങള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അതൊഴിവാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു ഉദ്യോഗസ്ഥനെയും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ബിജെപിക്ക് എതിരായവര്‍ക്ക് സംരക്ഷണം നല്കുന്ന സമീപനമാണെന്നുമാണ് പരാതി ഉന്നയിച്ചത്.
പരാതികൾ പരിഹരിച്ചില്ലെങ്കിൽ കൂട്ടത്തോടെ രാജിവയ്ക്കുകയല്ലാതെ മാർഗമില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നൽകി. പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് അവർ പറഞ്ഞു. തുടര്‍ന്ന് പാർട്ടി അധ്യക്ഷൻ വി ഡി ശർമയെയും മറ്റ് ഉന്നത നേതാക്കളെയും കണ്ടു. എല്ലാ ഭരണ, ക്രമസമാധാന കാര്യങ്ങളിലും ഭൂപേന്ദ്ര സിങ് ഇടപെടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇതോടെ സംസ്ഥാനത്ത് ബിജെപി മൂന്ന് ഗ്രൂപ്പുകളായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി, പാർട്ടി അധ്യക്ഷൻ വി ഡി ശർമ്മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ഗ്രൂപ്പുകള്‍. മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സിന്ധ്യയെ സംബന്ധിച്ചിടത്തോളമാകട്ടെ കോൺഗ്രസിൽ നിന്ന് കൂറുമാറിയ എംഎൽഎമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കര്‍ണാടകയിലെ വന്‍ പരാജയത്തിന്റെ വെളിച്ചത്തില്‍ ഭിന്നതകള്‍ പരിഹരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മ്മയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടിയുടെ പ്രധാന ആശങ്ക. അതിനിടയിലാണ് മന്ത്രിമാര്‍ തമ്മിലും ഭിന്നതയുണ്ടായത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
English Summary;Blast in Madhya Pradesh BJP; The Chief Minister and the party president are on two floors
You may also like this video