പാക് പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും വസതിക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇസ്‌ലമാബാദില്‍ ആണ് ഇരുവരുടെയും വസതി സ്ഥിതി ചെയ്യുന്നത്. നേരത്തേ ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ഷെഹബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ ഇന്ത്യ നേരിട്ട് ആക്രമണം നടത്തുകയാണെന്നും നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇസ്‌ലമാബാദില്‍ ഷെഹബാസ് ഷെരീഫിന്റെ വസതിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിനിടെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. അസിം മുനീറിന് പകരം സൈനിക മേധാവി സ്ഥാനത്തേയ്ക്ക് ജനറല്‍ ഷംഷാദ് മിര്‍സയെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുക്കുന്നുവെന്ന് പാകിസ്ഥാനില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക് സർക്കാർ നീക്കം.

