Site iconSite icon Janayugom Online

ഒഡിഷയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മധുരപ്രതികാരം

ആരാധകർക്ക് ക്രിസ്മസ് സമ്മാനമായി വിജയരഥത്തിലേറി കേരള ബ്ലാസ്റ്റേഴസ്. കൊച്ചിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെയ്ക്ക് കുതിച്ചെത്തി. ഒഡീഷയുടെ പ്രത്യാക്രമണങ്ങൾക്കിടയിൽ രണ്ടാം പകുതിയുടെ 86-ാം മിനിറ്റിൽ പ്രതിരോധനിരതാരം സന്ദീപ് സിങ്ങിന്റെ ഹെഡർ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ സമനില കുരുക്കിൽ നിന്ന് രക്ഷിച്ചത്. ജനുവരി മൂന്നിന് കൊച്ചിയിൽ തന്നെ ജംഷഡ്പുര്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. 

ലീഗിൽ തോൽവി അറിയാതെ ഏഴ് കളികൾ പൂർത്തിയാക്കിയാണ് മഞ്ഞക്കുപ്പായക്കാർ ഇന്നലെ കൊച്ചിയിൽ നിന്ന് കയറിയത്. നിറം മങ്ങിയ ആദ്യ പകുതിയും ആളികത്തിയ രണ്ടാം പകുതിയും. ഇന്നലത്തെ കളിയെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ആറ് കളിയിലും ഇറക്കി വിജയിച്ച ടീം കോമ്പിനേഷനിൽ നിന്ന് ഒരുമാറ്റവുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അപ്രതീക്ഷിതമായി ക്യാപ്റ്റന്റെ ആംബാൻഡ് ലൂണയിൽ നിന്ന് ജെസൽ കർണെയ്റോയിലേയ്ക്ക് എത്തി. നിഷു കുമാറിനെ പുറത്തിരുത്തിയാണ് കോച്ച് ഇവാൻ വുകുമനോവിച്ച് ജെസലിന് നാളുകൾക്ക് ശേഷം ആദ്യ ഇലവനിൽ അവസരം നൽകിയത്. മറുവശത്ത് നന്ദകുമാർ ശേഖറും പെട്രോ മാർട്ടിനും ഐസക് ചക്ചൗക്കുമാണ് ഒഡിഷയുടെ അക്രമണം നയിച്ചത്. ജയിക്കുന്ന ടീം പോയിന്റ് ടേബിളിൽ മൂന്നാമത്തെതുമെന്നതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും ടീമുകൾ ലക്ഷ്യമിട്ടിരുന്നില്ല. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഒഡിഷ നിലപാട് വ്യക്തമാക്കി. ബോക്സിന് വെളിയിൽ നിന്ന് നന്ദകുമാറിന്റെ എണ്ണം പറഞ്ഞ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലിടിച്ചു മടങ്ങി. 

ഇതടക്കം കളിയുടെ ആദ്യ മിനിറ്റുകളിൽ നിയന്ത്രണം ഒഡിഷയിലായിരുന്നു. ഇടയ്ക്കിടെ ഒഡിഷ പോസ്റ്റിലേയ്ക്ക് ഒന്ന് എത്തി നോക്കാൻ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സാധിച്ചത്. സഹലിന്റെ മുന്നേറ്റത്തിലൂടെ ആരംഭിച്ച രണ്ടാം പകുതിയിൽ ഭേദപ്പെട്ട തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. തണുപ്പൻ ആദ്യ പകുതിയിൽ നിന്ന് വിഭിന്നമായി ചില ചടുലൻ നീക്കങ്ങളാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈതാനത്ത് പ്രകടമായത്. 56-ാം മിനിറ്റിൽ വലതുഭാഗത്ത് നിന്ന് ലൂണയുടെ ദിമിത്രിയെ ലക്ഷ്യമാക്കിയുള്ള ക്രോസ് ഒഡിഷതാരം ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. ലൂണയും സഹലും ദിമിത്രിയോസും ആഞ്ഞ് ശ്രമിച്ചിട്ടും ഗോൾ മാത്രം അകന്നു നിന്നു. പകരക്കാരായി ജിയാനുവും നിഹാലും മൈതാനത്തേയ്ക്ക് ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾക്ക് ഗതിവേഗം കൈവന്നു. മറുവശത്ത് സൂപ്പർ സബ്ബായി ഡിയാഗോ മൗറീഷ്യസിനെ കളത്തിലിറക്കി ഒഡിഷയും അക്രമണം കടുപ്പിച്ചു.

82-ാം മിനിറ്റിൽ ലൂണയിലൂടെ വീണ്ടും സുവർണാവസം. ബോക്സിന് വെളിയിൽ നിന്ന് ലൂണയെടുത്ത ഫ്രീകിക്ക് മുന്നോട്ടുവന്ന് സ്വീകരിച്ച ജെസലിന്റെ ഷോട്ട് ഗോൾ ബാറിൽ തട്ടി പുറത്തേയ്ക്ക്. 86-ാം മിനിറ്റിൽ ബോക്സിലേയ്ക്ക താഴ്ന്നിറങ്ങിയ പന്തിൽ കൈവച്ച ഒഡീഷ ഗോളി അമരീന്ദർ സിങ്ങിന് പിഴച്ചു. കുത്തി ഉയർന്നു വന്ന പന്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരത്താരം സന്ദീപ് സിങിന് ചുമ്മാ തലവയ്ക്കേണ്ടേ ജോലി മാത്രമാണുണ്ടായിരുന്നത്. ഗോളിനായി കാത്തിരുന്ന പതിനായിരകണക്കിന് മഞ്ഞക്കുപ്പായക്കാർ ഇളകി മറിഞ്ഞ നിമിഷങ്ങൾ. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഒടുവിൽ ലോങ് വിസിൽ മുഴങ്ങുമ്പോൾ ഒഡീഷയുടെ മണ്ണിൽ അവരിൽ നിന്നേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന് ഈ ജയം. 

Eng­lish Summary;Blasters’ sweet revenge by win­ning against Odisha
You may also like this video

Exit mobile version