Site iconSite icon Janayugom Online

രക്തബാങ്കുകള്‍ തമ്മിലും ‘രക്തബന്ധം’; കേന്ദ്രീകൃത പ്ലാറ്റ്ഫോമായ ബ്ലഡ് ബാങ്ക് ട്രെയിസബിലിറ്റി സജ്ജമാകുന്നു

അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ ദുരിതത്തിന് അന്ത്യം കുറിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ്‌‍വേര്‍ പ്ലാറ്റ്ഫോമായ ‘ജീവധാര’ ഉടൻ പ്രവര്‍ത്തസജ്ജമാകും. ഓണ്‍ലൈൻ പോര്‍ട്ടലിനൊപ്പം ബ്ലഡ് ബാങ്ക് ട്രെയ്സബിലിറ്റി എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. 2024ല്‍ സർക്കാരിന്റെ ബ്ലഡ് ബാങ്കുകളിലൂടെ 2.59 ലക്ഷം യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പാറശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലും രണ്ടുവര്‍ഷമായി നടപ്പാക്കി വന്ന പൈലറ്റ് പദ്ധതി വിജയമായതോടെയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലി (കെ ഡിസ്ക്) ന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ ബാഗ്‍മോ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ സംവിധാനം സജ്ജമാക്കിയത്. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ 90 രക്തശേഖരണ കേന്ദ്രങ്ങള്‍ ഇതിന്റെ പരിധിയിലാകും. സ്വകാര്യ രക്തബാങ്കുകളെയും സോഫ്റ്റ്‌‍വേറിന്റെ ഭാഗമാക്കും. 

ബ്ലഡ് ബാങ്കുകളിലെ രക്തബാഗുകള്‍ സൂക്ഷിച്ചിരിക്കുന്ന ശീതീകരണ സംവിധാനങ്ങളുടെ തത്സമയ താപനില നിരീക്ഷിക്കാനും ഇതിലൂടെ കഴിയും. രക്തബാഗുകള്‍ നിശ്ചിത താപനിലയില്‍ തന്നെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കേടാകാതെ എത്തിക്കുന്നതിന് റഡാര്‍ ഫ്രീക്വൻസി ടാഗും സെൻസറും ഘടിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ രക്തവും അനുബന്ധ ഘടകങ്ങളായ പ്ലേറ്റ്‍ലെറ്റ്, പ്ലാസ്മ എന്നിവ ശീതികരിച്ച് സൂക്ഷിക്കുന്നതിലുണ്ടാകുന്ന നഷ്ടത്തില്‍ 30 ശതമാനം കുറയ്ക്കാനാകുമെന്ന് കെ ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

Exit mobile version