ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ‘ഇതോടെ പുതിയ ഭവനത്തിലെ ഉപരിതല ദൗത്യത്തിന് തുടക്കം കുറിക്കുന്നു’-എന്ന തലക്കെട്ടോടെ ആകര്‍ഷകമായ ചിത്രം ഫയര്‍ഫ്ലൈ എയ്റോസ്പേസ് എക്സില്‍ പങ്കുവെച്ചു.
പേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ. 2024 ഫെബ്രുവരിയിൽ അമേരിക്കൻ എയ്റോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസും പേടകം ചന്ദ്രനിലിറക്കിയിരുന്നു. 2025 ജനുവരി 15നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ലാൻഡർ വിക്ഷേപിച്ചത്. മാർച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനിൽ ഇറങ്ങി നിമിഷങ്ങൾക്കകം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. അവിടെ 16 ദിവസം ചന്ദ്ര ഭ്രമണപഥത്തിൽ അതിന്റെ പാത മെച്ചപ്പെടുത്തി.

