നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി.വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ജില്ല ജയിലിലേക്ക് മാറ്റിയത് . ഉത്തരവിൽ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.
രാത്രി കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായ സമയം മുതൽ തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ഇന്ന് 12 മണിയോടെ കോടതിയിലെത്തിക്കുന്ന സമയത്തും മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. അതേ സമയം വിധി വന്ന നേരത്ത് ബോബി പ്രതിക്കൂട്ടിൽ തളർന്നിരുന്നു. രക്തസമ്മർദ്ദം ഉയർന്ന ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജയിലിലേക്ക് എത്തിക്കുക.