അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നാരോപിച്ച് നടി ഹണി റോസ് നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തു. സ്ത്രീകൾക്കുനേരെ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം ഹണി റോസ് പൊലീസിന് പരാതി കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു.
ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നാരോപിച്ച് പരാതി നൽകിയതായി നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട്ടിലെ തന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നും ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോകാനും മുൻകൂർ ജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് നടപടി ഇതെല്ലാം വിഫലമാക്കി.
മാസങ്ങൾക്കുമുമ്പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. മനപ്പൂർവ്വം താൻ നടിയെ ആക്ഷേപിച്ചിട്ടില്ലെന്നും തമാശയ്‌ക്ക് പറഞ്ഞത് അവർ ഗൗരവത്തിലെടുത്തതാണെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേര്‍ത്തു. വൈദ്യപരിശോധനയ്‌ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.