Site iconSite icon Janayugom Online

ദ്വയാർത്ഥപ്രയോഗം നടത്തിയ ആ വ്യക്തി ബോബി ചെമ്മണൂർ ആയിരുന്നു; പരാതി നൽകി നടി ഹണി റോസ്

തനിക്കെതിരെ ദ്വയാർത്ഥപ്രയോഗം നടത്തിയ ആ വ്യക്തി ബോബി ചെമ്മണൂർ ആയിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കുട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു- എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്. 

രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ തേടി കൊച്ചി പൊലീസ്. പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് പൊലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു. അതേസമയം സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കെതിരെ നടി പരാതി നൽകിയിട്ടില്ലെന്നും കമ്മിഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കെതിരെ നടി ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആൾക്കൂട്ടത്തിന്റെ സൈബർ അധിക്ഷേപം പരിധികൾ വിട്ടത്. 

Exit mobile version