Site iconSite icon Janayugom Online

ശരീരത്തില്‍ നീരുണ്ടാകുന്നതിനുപിന്നില്‍ കാരണം വൃക്ക തകരാറോ?

swellingswelling

മനുഷ്യശരീരത്തിന്റെ 60% വെള്ളമാണ്. ഈ വെള്ളത്തിന്റെ 60% കോശങ്ങളുടെ ഉള്ളിലും ബാക്കി 40% അതിന്റെ പുറത്ത് (extra­cel­lu­lar space area). ഇത് inter­sti­tial space ലും രക്തക്കുഴലിന്റെ ഉള്ളിലുമാണുള്ളത്. Inter­sti­tial space ന് ഉള്ളിലെ വെള്ളം 2.5L ന് മുകളില്‍ ആയിക്കഴിയുമ്പോള്‍ ശരീരത്തില്‍ നീരുണ്ടാകുന്നു. ശരീരത്തിലെ നീര് വൃക്ക തകരാറിന്റെ ഒരു ലക്ഷണമായിട്ടാണ് പലപ്പോഴും സാധാരണക്കാര്‍ ചിന്തിക്കുന്നത്. എന്നാല്‍ അത് കൂടാതെ മറ്റു പല രോഗാവസ്ഥ കാരണവും ശരീരത്തില്‍ നീര് ഉണ്ടാകുന്നു.

ഒരു കാലിലോ കയ്യിലോ മാത്രമായി നീര് വരികയാണെങ്കില്‍ lym­phat­ic ede­ma ഒരു കാരണമാകാം മന്തുരോഗം (Filar­i­as­si) ഇതിന്റെ ഒരു കാരണമാകാം. Lym­phat­ic ves­sel ല്‍ തടസ്സം വരുന്നത് വഴിയാണ് ഇത്തരത്തില്‍ നീരുണ്ടാകുന്നത്. ചില സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് നീര് വന്നതിനുശേഷം അതില്‍ നിറവ്യത്യാസം (ചുവന്ന നിറം) ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ആണെങ്കില്‍ അത് Infec­tion അഥവാ Cel­luli­tis ന്റെ ഒരു ലക്ഷണമാകാം. നിറവ്യത്യാസമോ, പനിയോ, ഒന്നും തന്നെ ഇല്ലാതെ നീര് വരികയാണെങ്കില്‍ അത് രക്തക്കുഴലില്‍ രക്തം കട്ടപിടിച്ചത് മൂലം (Deep vein Throm­bo­sis) കൊണ്ടും ആകാം. ഈ അവസ്ഥയാണെങ്കില്‍ നീരുള്ള ഭാഗത്ത് അമര്‍ത്തി നോക്കുമ്പോള്‍ വേദന അനുഭവപ്പെടാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ (Eg: Cal­ci­um chan­nel block­ers), കാന്‍സര്‍ ചികിത്സയുടെ മരുന്നുകള്‍ എന്നിവ കഴിക്കുന്നവരില്‍ ചിലര്‍ക്ക് കാലില്‍ നീര് വരാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥ ഡോക്ടറോട് പറഞ്ഞ് പകരം മറ്റൊരു മരുന്ന് നിര്‍ദ്ദേശപ്രകാരം കഴിക്കുന്നത് വഴി നീര് കുറയാം. കണ്‍പോളകളിലും മുഖത്തും പെട്ടെന്നുണ്ടാകുന്ന നീര് അലര്‍ജി മൂലമാകാം. ഇതിനെ Angioneu­rot­ic ede­ma എന്ന് പറയുന്നു. ചില ആഹാരങ്ങള്‍, മരുന്നുകള്‍, ഏതെങ്കിലും പ്രാണി കടിക്കുന്നത് എന്നിവ Angioneu­rot­ic ede­ma യുടെ കാരണമാകാം. ഇത്തരത്തില്‍ പെട്ടെന്ന് നീര് ഉണ്ടാകാം. കൃത്യമായ മരുന്ന് കഴിച്ചാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത് പൂര്‍ണ്ണമായും ഭേദമാകും.

സ്ഥിരമായി കയ്യിലോ കാലിലോ നീര് ഉണ്ടാകുന്നത് കാന്‍സറിന്റെയോ അല്ലെങ്കില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷമോ ഉണ്ടാകുന്ന Lym­phat­ic Ves­sel ന്റെ തടസ്സം കൊണ്ടായിരിക്കാം. സ്തനാര്‍ബുധം ഉള്ള സ്ത്രീകളിലോ അതിന്റെ ചികിത്സയ്ക്കായി ശസ്ത്രക്രിയ കഴിഞ്ഞവരിലോ Lym­phat­ic obstruc­tion കാരണമാകാം.

Inter­sti­tial space ലെ ദ്രാവകത്തിന്റെ അളവ് 2.5 — 3L കൂടുതല്‍ ആകുമ്പോള്‍ ശരീരത്തില്‍ മുഴുവന്‍ നീരുണ്ടാകാം (Gen­er­al­ized ede­ma). കുട്ടികളിലും മുതിര്‍ന്നവരിലും രക്തത്തില്‍ പ്രോട്ടീനിന്റെ അളവ് ക്രമാതീതമായി കുറയുന്നത് മറ്റൊരു കാരണമാണ്. കാലില്‍ നീരുണ്ടാകുന്നു. ആഹാരം കഴിക്കുന്നത് കുറയുന്നത് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ചിലരില്‍ ആഹാരം കഴിക്കുമ്പോള്‍ അതിലെ പ്രോട്ടീന്‍ ദഹിച്ച് രക്തത്തിലേക്ക് എത്താത്ത സാഹചര്യത്തില്‍ (Mal­ab­sorp­tion), രക്തത്തില്‍ ആല്‍ബുമിന്റെ അളവ് കുറഞ്ഞ് ശരീരത്തില്‍ നീര് വരാം. ആഹാരക്രമീകരണം കൃത്യമായി നടത്തിക്കൊണ്ട് ആല്‍ബുമിന്റെ അളവ് കൂട്ടുന്നതിലൂടെ ചിലരില്‍ നീര് കുറയ്ക്കാന്‍ സാധിക്കാം. Mal­ab­sorp­tion ഉള്ള രോഗികളില്‍ ഡ്രിപ്പിലൂടെ ആല്‍ബുമിന്‍ നല്‍കുന്നത് ഒരു ചികിത്സാ രീതിയാണ്.

ഹൃദ്രോഗികളിലും നീര് വരാം. ഹൃദയത്തിന്റെ പമ്പിംഗില്‍ ഉണ്ടാകുന്ന തകരാറ് കാരണം (Heart Fail­ure) നീര് ഉണ്ടാകുന്നു. രാത്രി കിടക്കുന്ന സമയം ശ്വാസംമുട്ടല്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. കരള്‍ രോഗികളില്‍ വയറിന്റെ ഭാഗത്ത് നീരുണ്ടാകുന്നു. കരളില്‍ നിന്നും വരുന്ന ഒരു രക്തക്കുഴലില്‍ (por­tal vein) സമ്മര്‍ദം കൂടുന്നത് മൂലമാണ് നീര് ഉണ്ടാകുന്നത്. ചില സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് കാലില്‍ നീര് വരാറുണ്ട്. ചിലരില്‍ ഹോര്‍മോണ്‍ വ്യതിയാനം കാരണം നീര് ഉണ്ടാകും (Idio­path­ic cyclic ede­ma). ഗര്‍ഭിണികളില്‍ Preeclamp­sia എന്ന അവസ്ഥയില്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് കൊണ്ട് ശരീരം മുഴുവന്‍ നീരും അമിത രക്തസമ്മര്‍ദ്ദവും ഉണ്ടാകാം. ഗര്‍ഭിണികളില്‍ അവസാന മാസങ്ങളില്‍ നീരുണ്ടാകുന്നത് അപൂര്‍വ്വമല്ല. അത് ഗര്‍ഭപാത്രത്തിന്റെ രക്തക്കുഴലുകളിലെ തദസ്സം കൊണ്ടാകാം. പ്രസവം കഴിഞ്ഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ച കൊണ്ട് ഈ നീരു മാറും. ഹൈപ്പോതൈറോയിഡിസം ശരീരത്തില്‍ നീര് ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്. ഇവരില്‍ തൈറോയ്ഡ് ഗുളികകള്‍ വഴി ചികിത്സിക്കാവുന്നതാണ്. ശരീരത്തില്‍ അമര്‍ത്തുമ്പോള്‍ കുഴി (pit­ting) വരാത്ത തരത്തിലാണ് ഇത് പ്രകടമാകുന്നത്.

വൃക്ക രോഗികളില്‍ പല കാരണത്താല്‍ നീര് വരാം. മൂത്രം പതഞ്ഞു പോവുകയാണെങ്കില്‍, മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം കൂടുതലാണെന്ന് അനുമാനിക്കാം. കൃത്യമായ ടെസ്റ്റുകളിലൂടെ ഇത് നിര്‍ണ്ണയിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ മുഖത്തും പ്രത്യേകിച്ച് കണ്‍പോളകളിലും നീരുണ്ടാകാം. ഇത് കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ഇവരില്‍ മൂത്രത്തില്‍ പ്രോട്ടീനിന്റെ അളവും രക്തത്തില്‍ ആല്‍ബുമിന്റെ അളവും കുറവായിരിക്കും, കൊളസ്‌ട്രോളിന്റെ അളവ് കൂടുതലും രക്തസമ്മര്‍ദ്ദം ക്രമാനുസരണവും ആയിരിക്കും. ഈ രോഗാവസ്ഥയെ നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന് പറയുന്നു. Cor­ti­cos­teroid മരുന്നുകള്‍ കൊണ്ട് 90% കുട്ടികളില്‍ ഈ അസുഖം ഭേദമാക്കാം. എന്നാല്‍ മുതിര്‍ന്നവരില്‍ ഈ രോഗം 30% മാത്രമാണ് Cor­ti­cos­teroid മരുന്നുകള്‍ കൊണ്ട് ഭേദമാക്കാന്‍ സാധിക്കുന്നത് ബാക്കിയുള്ളവരില്‍ മറ്റു ചികിത്സാ രീതികള്‍ വേണ്ടി വന്നേക്കാം.

ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് ചൊറിച്ചിലോ, മുറിവോ, പിന്നെ തൊണ്ടവേദന വന്നതിന് 7 — 10 ദിവസത്തിനു ശേഷം ശരീരം മുഴുവന്‍ നീര് വയ്ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ ചുവന്ന നിറം വരിക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ Acute Glomeru­lo nephri­tis എന്ന അസുഖം കൊണ്ടാകാം.

പ്രമേഹം വൃക്കകളെ ബാധിക്കുന്ന അവസ്ഥയെ Dia­bet­ic Kid­ney Dis­ease or Dia­bet­ic Nephropa­thy എന്ന് പറയുന്നു. ഈ രോഗികളില്‍ മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം കൂടുക, മൂത്രം ഒഴിക്കുമ്പോള്‍ പതച്ചില്‍, ശരീരത്തിലും കണ്‍പോളയിലും നീര് ഉണ്ടാവുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.

വൃക്ക തകരാറ് മൂലവും ശരീരത്തില്‍ നീര് വരാം. ആക്യൂട്ട് കിഡ്‌നി ഇന്‍ജ്വറി, പെട്ടെന്നുണ്ടാകുന്ന വൃക്ക തകരാറാണ്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ നിറവ്യത്യാസം, രക്ത പരിശോധനയില്‍ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് കൂടുതലും അമിത രക്തസമ്മര്‍ദ്ദം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഡയാലിസിസ് മുതലായ ചികിത്സ ചിലരില്‍ വേണ്ടി വന്നേക്കാം. ഇവരില്‍ ഡയാലിസിസിന് ശേഷം നീര് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും.

സ്ഥായിയായി വന്ന വൃക്ക തകരാറ്(Chronic Kid­ney Dis­ease) എന്ന രോഗാവസ്ഥയില്‍ കാലക്രമേണയാണ് നീര് ഉണ്ടാകുന്നത്. വൃക്കകളുടെ പ്രവര്‍ത്തന തകരാറ് മൂലം ശരീരത്തിലെ വെള്ളവും ഉപ്പും പുറന്തള്ളാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശരീരത്തിന്റെ പലഭാഗത്തും വെള്ളം നിറഞ്ഞ് നീരുണ്ടാകുന്നു. ഈ വെള്ളം ശ്വാസകോശത്തില്‍ എത്തുകയാണെങ്കില്‍ ശ്വാസംമുട്ടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

രോഗനിര്‍ണ്ണയം

ശരീരത്തില്‍ നീര് വരുന്നത് വൃക്ക രോഗവുമായി ബന്ധപ്പെട്ടാണെങ്കില്‍ മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വളരെ കൂടുതലായിരിക്കും. രക്ത പരിശോധനയില്‍ യൂറിയ, ക്രിയാറ്റിനിന്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കൂടുതലായിരിക്കാം. ഇതോടൊപ്പം പ്രമേഹം ഉണ്ടോ എന്ന് കൂടി രക്ത പരിശോധനയിലൂടെ നിര്‍ണ്ണയിക്കേണ്ടതാണ്. വൃക്ക തകരാറ് മൂലമാണ് ശരീരത്തില്‍ നീരുണ്ടാകുന്നത് എന്ന് മനസ്സിലാക്കിയാല്‍ വൃക്ക തകരാറിനുള്ള കാരണം നിര്‍ണ്ണയിക്കുന്നതിനായി ചിലരില്‍ കിഡ്‌നി ബയോപ്‌സി വേണ്ടി വന്നേക്കാം.

ഹൃദ്രോഗം മൂലമാണോ ശരീരത്തില്‍ നീര് വന്നതെന്ന് മനസ്സിലാക്കുന്നതിനായി ECG, Chest X‑ray, Echocar­dio­g­ra­phy മുതലായ ടെസ്റ്റുകളും വേണ്ടിവന്നേക്കാം. അതുപോലെ കരള്‍ സംബന്ധമാണ് എന്നറിയുന്നതിന് എല്‍ എഫ് ടി (Liv­er Func­tion Test), ടോട്ടല്‍ പ്രോട്ടീന്‍, ആല്‍ബുമിന്‍, വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നീ പരിശോധനകള്‍ ചെയ്യണം.

ചികിത്സ

ആദ്യഘട്ടത്തില്‍ ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ ഉപ്പിന്റെയും വെള്ളത്തിന്റെയും അളവ് കുറയ്ക്കണം. എന്നിട്ടും നിര് കുറയുന്നില്ലെങ്കില്‍ മൂത്രത്തിന്റെ അളവ് കൂട്ടുന്നതിനുള്ള മരുന്ന് Diuret­ics (Frusemide, Spirono­lac­tone) നീര് കുറയ്ക്കാന്‍ സഹായിച്ചേക്കാം. പിന്നീട് നീര് നിലനില്‍ക്കുകയാണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി അതിനനുസൃതമായി ചികിത്സ തിരഞ്ഞെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, ഹൃദയ സംബന്ധമാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂട്ടാനുളള മരുന്നുകള്‍ കൊണ്ട് ഫലമുണ്ടാകും. രക്തക്കുഴലിനുള്ളില്‍ രക്തം കട്ട പിടിച്ച അവസ്ഥ ആണെങ്കില്‍ ത്രാമ്പോലൈസിസ് ചികിത്സ, ആന്റികൊയാഗുലേഷന്‍ ട്രീറ്റ്‌മെന്റ് എന്നിവയാണ് ചികിത്സാരീതി. പൂര്‍ണ്ണമായി വൃക്ക തകരാര്‍ വന്ന രോഗികളില്‍ അവസാന ഘട്ടത്തില്‍ ഡയാലിസിസ് (Hemodial­y­sis, Peri­toneal dial­y­sis) ഒരു ചികിത്സാരീതിയാണ്.

ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. കൃത്യമായ രോഗനിര്‍ണ്ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കിക്കൊണ്ട് ശരീരത്തിലെ നീര് ഭേദമാക്കുവാന്‍ സാധിക്കും.

ഡോ. ജേക്കബ് ജോർജ്ജ്
സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version