Site iconSite icon Janayugom Online

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയം; മകനോട് കൊച്ചിയില്‍ എത്താൻ ആവശ്യപ്പെട്ട് പൊലീസ്

എറണാകുളത്ത് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയിക്കുന്നതായി പൊലീസ്. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടെന്നും ലാമയുടെ മകനോട് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പൊലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. രൂപഭാവങ്ങളും ഏറെക്കുറെ ലാമയോട് സാദൃശ്യമുള്ളതിനാൽ മൃതദേഹം തിരിച്ചറിയുന്നതിനും ഡിഎൻഎ പരിശോധന അടക്കമുള്ളവയ്ക്കുമായി എത്താൻ മകനോട് പൊലീസ് ആവശ്യപ്പെട്ടു. 

കൊല്‍ക്കത്ത സ്വദേശിയായ ലാമ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോലിക്കായി ബംഗളൂരുവില്‍ എത്തിയത്. പിന്നീട് ഇദ്ദേഹം കുവൈത്തിലേക്ക് പോവുകയും നാലോളം രസ്റ്റോററ്റുകള്‍ നടത്തിവരികയും ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റിൽ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽപെട്ട് ലാമക്ക് ഓര്‍മ നഷ്ടപ്പെടുകയും വിസ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് കുവൈത്ത് അധികൃതർ കുടുംബത്തെ അറിയിക്കാതെ ഇദ്ദേഹത്തെ ബംഗളൂരുവിന് പകരം കൊച്ചിയിലേക്ക് നാടുകടത്തുകയും ചെയ്തു. 

കൊച്ചിയിലെ പല ഭാഗത്തും ലാമ അലഞ്ഞുതിരിയുന്നതു കണ്ട പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. എന്നാല്‍ ലാമ ആശുപത്രിയില്‍ നിന്നും ഇറങ്ങിപോവുകയും കാണാതാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബം നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. 

Exit mobile version