പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുല്ലൂപ്പി പാലത്തിനു താഴെ കുളിക്കാനിറങ്ങിയ അത്താഴക്കുന്ന് സ്വദേശി പൂക്കോത്ത് വീട്ടിൽ സനൂഫിന്റെ (26) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ സുഹൃത്തുക്കൾക്കൊപ്പം പുല്ലൂപ്പിയിലെത്തിയതായിരുന്നു സനൂഫ്. പിന്നീട് പുഴയിൽ നീന്തുന്നതിനിടെ സനൂഫിനെ കാണാതാവുകയായിരുന്നു.
ഇയാൾക്കുവേണ്ടി വ്യാഴാഴ്ച രാത്രി വൈകുംവരെ ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ തെരച്ചിലിനൊടുവിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ കാണാതായതിന് എതിർവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റി.
ഏറെ അപകടകരമായ പ്രദേശമാണിത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇതിനു സമീപം തോണി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. ഈ ദുരന്തത്തിനുശേഷം പുഴയിൽ ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് പലരും പുഴയിൽ ഇറങ്ങുന്നത് വ്യാപകമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
English Summary: Body of missing youth found in Pullupi river
You may also like this video