ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനങ്ങളിലെ ഫ്യുവൽ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). അഹമ്മദാബാദ് വിമാന അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികള്‍ക്കാണ് നിലവില്‍ ബോയിങ് ഡ്രീം ലൈനര്‍ വിമാനങ്ങളുള്ളത്.
എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതാണ് അഹമ്മദാബാദ് വിമാന അപകടത്തിന് കാരണമെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ പൈലറ്റുമാർ മനഃപൂർവ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടത്തില്‍ 260 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബോയിങ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഇത്തിഹാദ് എയർവേയ്സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും തങ്ങളുടെ പൈലറ്റുമാർക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന വാദം ഉയർത്തുന്നുണ്ട്. ബോയിങ് വിമാനങ്ങളിലെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ സുരക്ഷിതം എന്നാണ് എഫ്എഎ വിമാന യാത്രാ കമ്പനികളെ അറിയിച്ചത്.
2018ൽ ഇതേ ഏജൻസി തന്നെ ഇന്ധന സ്വിച്ചുകളുടെ സാങ്കേതിക തകരാറിനെകുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണം റിപ്പോർട്ടില്‍ ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.

