ബോംബെ ഹൈക്കോടതി കെട്ടിടം സ്ഫോടനത്തിൽ തകർക്കുമെന്ന് ഭീഷണി സന്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇ‑മെയിൽ വഴിയാണ് അധികൃതർക്ക് ഭീഷണി ലഭിച്ചത്. തുടർന്ന്, കോടതിയിലെ നടപടികൾ നിർത്തിവെച്ച് കെട്ടിടം ഉടനടി ഒഴിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രവീൺ മുണ്ടെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നിലവിലെ ഭീഷണി വ്യാജമാണെന്നാണ് സംശയിക്കുന്നതെന്നും എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലും സമാനമായ രീതിയിൽ ഇ‑മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ ജീവനക്കാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

