മലയാളികളുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്ന സംഗീത മാന്ത്രികൻ ബോംബെ രവി ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികയുന്നു. വരികളുടെ ആത്മാവറിഞ്ഞ് ഈണമിട്ട അദ്ദേഹം, ഭാഷാഭേദമന്യേ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി നിലകൊള്ളുന്നു. സ്വയം പഠിച്ചെടുത്ത സംഗീതവുമായി ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ രവി, ഇലക്ട്രീഷ്യൻ ജോലി ഉപേക്ഷിച്ചാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്.
ഹേമന്ദ് കുമാറിന്റെ സഹായിയായി തുടക്കം കുറിച്ച അദ്ദേഹം 1955ൽ ‘വചൻ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ബോളിവുഡിലെ പാശ്ചാത്യ സംഗീത സ്വാധീനത്തിൽ മനംനൊന്ത് മാറിനിന്ന കാലത്താണ് ഹരിഹരൻ അദ്ദേഹത്തെ മലയാളത്തിലേക്ക് എത്തിക്കുന്നത്. ‘പഞ്ചാഗ്നി‘യിലൂടെ തുടങ്ങിയ ആ ജൈത്രയാത്ര ‘നഖക്ഷതങ്ങൾ’, ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘സർഗം’ തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ മലയാള സംഗീത ചരിത്രത്തിന്റെ ഭാഗമായി. ‘ഇന്ദ്രനീലിമയോലും’, ‘ചന്ദനലേപ സുഗന്ധം’, ‘കളരിവിളക്ക് തെളിഞ്ഞതാണോ’ തുടങ്ങിയ അനശ്വര ഗാനങ്ങൾ ഇന്നും മലയാളി നെഞ്ചേറ്റുന്നു. ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം തന്റെ ലളിതവും മനോഹരവുമായ ശൈലിയിലൂടെ സംഗീത ലോകത്ത് അമരത്വം നേടി.

