Site iconSite icon Janayugom Online

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ്; ധനമന്ത്രിയുടെ അവകാശവാദവും യാഥാര്‍ത്ഥ്യവും

രൂപയുടെ വിദേശവിനിമയ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പവും ഉയര്‍ത്തുന്ന ഭീഷണികളൊന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസന കുതിപ്പിന് യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്ന ശുഭാപ്തി വിശ്വാസമാണ് ഇന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വച്ചുപുലര്‍ത്തുന്നത്. കോവിഡിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണമായ തോതില്‍ മോചനം നേടാനായിട്ടില്ലെങ്കില്‍ തന്നെയും സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഇന്നും ഭദ്രമാണെന്ന നിഗമനമാണ് ധനമന്ത്രിയുടേതിനോടൊപ്പം ധനമന്ത്രാലയത്തിന്റേതും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെയോ സ്റ്റാഗ് ഫ്ലാഷന്റെയോ സമീപത്തുപോലുമാണെന്ന് കരുതുക സാധ്യമല്ലെന്നും പണപ്പെരുപ്പ നിരക്ക് ഏതു വിധേനയും ഏഴ് ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നുമാണ് ധനമന്ത്രി തറപ്പിച്ച് പാര്‍ലമെന്റിനെ അറിയിച്ചത്.
ഭക്ഷ്യ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഭക്ഷ്യോല്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റ് മുന്നുപാധികളും കൃത്യമായി ഒരുക്കുമെന്നും അവര്‍ ലോക്‌സഭയെ അറിയിച്ചിരുന്നതാണ്. സാര്‍വദേശീയ സ്ഥാപനങ്ങളായ ലോകബാങ്കും നാണയനിധിയും ആഗോള സമ്പദ്‌വ്യവസ്ഥകളുടെ പൊതു വളര്‍ച്ചാ സാധ്യതകള്‍ വിലയിരുത്തുമ്പോഴൊക്കെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകളെപ്പറ്റി ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ അവകാശവാദം. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്നും തുടരുകയാണെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമയോചിതമായ ഇടപെടലുകളിലൂടെ പണപ്പെരുപ്പം നിയന്ത്രിച്ചുനിര്‍ത്താനും രൂപയുടെ മൂല്യശോഷണത്തിന് തടയിടാനും ശ്രമിച്ചിട്ടുമുണ്ട്. ഈ ശ്രമം ഒരു പരിധിവരെയെങ്കിലും വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഈ അവകാശവാദം തീര്‍ത്തും ശരിവയ്ക്കാന്‍ ബാങ്കിങ് — ധനകാര്യ വിദഗ്ധന്മാര്‍ ഇനിയും സന്നദ്ധമായിട്ടില്ല. കാരണം, പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയും ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡിനെയൊ പണത്തിന്റെ ലിക്വിഡിറ്റിയെയൊ അല്ല, മറിച്ച് ചരക്കുകളുടെ ഉല്പാദന വിതരണ ശൃംഖലകളിലെ തടസങ്ങളെയും വന്‍തോതില്‍ ആശ്രയിക്കുന്നുണ്ടെന്ന യഥാര്‍ത്ഥ വസ്തുതയാണ്. ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. വിരല്‍ ആചാര്യ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രതിനിധി ഭാസ്കര്‍ ദത്തയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് പണപ്പെരുപ്പമെന്ന പ്രതിഭാസത്തെ വെറുമൊരു സപ്ലൈസൈഡ് ഉല്പന്നമായി കാണുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രശ്നം ആര്‍ബിഐയുടെ മോണിറ്ററി നയസമിതി (എംപിസി) യുടെ ഇടയ്ക്കിടെയുള്ള ഇടപെടലുകള്‍കൊണ്ടോ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സമാനമായ നയസമീപനങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണെന്നുമായിരുന്നു.


ഇതുകൂടി വായിക്കൂ: പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം


ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ക്ക് അവയുടെ കീഴിലുള്ള ആധുനിക സംവിധാനങ്ങളുടെയൊ ധനശാസ്ത്രകാരന്മാരുടെയോ സഹായത്തോടെ മാത്രം പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നത് സപ്ലൈസൈഡ് ഷോക്കുമൂലമാണോ അതോ ഡിമാന്‍ഡ് ഷോക്ക് മൂലമാണോ എന്ന് വേര്‍തിരിച്ച് കാണാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവര്‍ സര്‍ക്കാരിനെയായാലും കോര്‍പറേറ്റുകളെയായാലും സ്വന്തം വരുമാനത്തിനായി ആശ്രയിക്കേണ്ടിവരുന്നതുകൊണ്ട് സ്വന്തം ഡിമാന്‍ഡിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് കരുതുന്നത് തെറ്റായിരിക്കും. അവര്‍ സാധാരണയായി ചെയ്യുന്നത് തങ്ങള്‍ക്ക് ലഭ്യമാകുന്ന വേതനമോ, ശമ്പളമോ മറ്റ് വരുമാനമോ സ്വന്തം ചരക്കുകളും സേവനങ്ങളും വിപണികളില്‍ നിലവിലുള്ള വില നല്കി വാങ്ങി ഉപഭോഗം നടത്തിക്കൊണ്ടിരിക്കുക എന്നതാണ്. സപ്ലൈസൈഡില്‍ വരുന്ന മാറ്റങ്ങള്‍ അവരാരും കണക്കിലെടുക്കുകയോ അതിനനുസൃതമായി ഡിമാന്‍ഡില്‍ കുറവുവരുത്തുകയോ ചെയ്യാറില്ല. ലഭ്യമാകുന്ന വേതനവും ഡിമാന്‍ഡ് തൃപ്തിപ്പെടുത്താന്‍ ശമ്പളവും തികയാതെവരുമ്പോള്‍ അവര്‍ അത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ഈ ആവശ്യത്തിനു കോര്‍പറേറ്റ് ഉല്പാദകര്‍ വഴങ്ങുകയും ചെയ്യും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയും ഉയരും. ഈ വിധേന വീണ്ടും വിലവര്‍ധനവും പണപ്പെരുപ്പവും രണ്ടാം റൗണ്ടിലേക്ക് കടക്കുക എന്നതായിരിക്കും ഫലത്തില്‍ സംഭവിക്കുക. ഈ രീതിയിലുടലെടുക്കുന്ന പണപ്പെരുപ്പത്തെ ധനശാസ്ത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ‘കോസ്റ്റ് ഇന്‍ഫ്ലേഷന്‍’‍ — ചെലവ് വര്‍ധന സൃഷ്ടിക്കുന്ന പണപ്പെരുപ്പം എന്നാണ്.
ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന ജിഡിപി നിരക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് വിപണിയിലെ ലിക്വിഡിറ്റി-പണത്തിന്റെ ലഭ്യത അനിയന്ത്രിതമായ തോതില്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ വളരെ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയും. എന്നാല്‍, സമാനമായ തോതില്‍ ലിക്വിഡിറ്റിയില്‍ കുറവു വരുത്തുക പ്രയാസകരമായിരിക്കും.


ഇതുകൂടി വായിക്കൂ: സാമ്പത്തിക തിരിച്ചുവരവ് ജനകേന്ദ്രീകൃതമാവണം


ബാങ്കുകളും ബാങ്കിങ് — ഇതര ധനകാര്യസ്ഥാപനങ്ങളും മിച്ചമാണെന്ന് കരുതപ്പെടുന്ന ലിക്വിഡിറ്റിയില്‍ കുറവുവരുത്താന്‍ പെടാപ്പാടുപെടുകയാണ്. അഥവാ ബാങ്കിങ് — ധനകാര്യ സ്ഥാപനങ്ങള്‍ അധിക ലിക്വിഡിറ്റി കുറയ്ക്കാനായി പലിശനിരക്കുകള്‍ ഉയര്‍ത്തിയെന്നുതന്നെ കരുതുക. ഇത് അതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ധനകാര്യ വിപണികളെ വിധേയമാക്കും. വിപണികള്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റമായിട്ടായിരിക്കും ഈ നടപടി അനുഭവപ്പെടുത്തുക.
ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ വലിയ തോതിലുള്ള നീക്കുപോക്കുകള്‍ ആവശ്യമായിവരുന്ന നിരക്കുമാറ്റങ്ങള്‍ക്ക് പൊടുന്നനെ തയാറാവില്ല. ഇത്തരമൊരു അവസ്ഥയെ വിശേഷിപ്പിക്കുന്നത് ‘ധനകാര്യ വിപണി ആധിപത്യം’ എന്നാണ്. ഇന്നത്തെ ദേശീയ സ്ഥിതിവിശേഷത്തില്‍ മാത്രമല്ല, ആഗോള സാഹചര്യത്തിലും കേന്ദ്ര ബാങ്കുകള്‍ — യുഎസ് ഫെഡറല്‍ റിസര്‍വും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. ലിക്വിഡിറ്റി അതിന്റെ സാധാരണ നിലയില്‍ എത്തിക്കുകയാണ് ലക്ഷ്യമെങ്കില്‍ പണനയം കൂടുതല്‍ കര്‍ക്കശമാക്കേണ്ടിവരും. പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതോടൊപ്പം-വിപണികളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കുന്നതിനും തയാറാവണം. ഒരു നയം മറ്റൊരു പ്രശ്നത്തിനാണ് ഇടയാക്കുന്നതെങ്കില്‍ നവ സ്വതന്ത്രവിപണികളുടെ സുഗമമായ വളര്‍ച്ചക്ക് അത് ഹാനികരമായിരിക്കും. മാത്രമല്ല, ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയിലെ കേന്ദ്ര ബാങ്കിന്റെ വിശ്വാസ്യത തകരും.
ആഭ്യന്തര സമ്പദ്‌വ്യവസ്ഥ പരിശോധിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന അനിശ്ചിതത്വം നിസാരമല്ലെങ്കില്‍ത്തന്നെയും ഒരുവിധം തൃപ്തികരമായി മോണിറ്റര്‍ ചെയ്യാന്‍ കഴിയുന്നതേയുള്ളു. കാര്‍ഷികോല്പന്നങ്ങളെ വിശിഷ്യാ ഭക്ഷ്യോല്പന്നങ്ങളെ സംബന്ധിച്ചിടത്തോളം എഫ്‌സിഐ ഗോഡൗണുകളില്‍ ഇപ്പോള്‍തന്നെ സാമാന്യം നല്ലൊരു ശേഖരമുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടെ ഗോതമ്പിന്റെയും അരിയുടെയും ലഭ്യത ക്രമേണ ഉയരുകയാണെങ്കില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് ഭയാശങ്കകള്‍ക്കിടയില്ല. ഭക്ഷ്യധാന്യ ലഭ്യത പ്രതീക്ഷിക്കുന്ന തോതില്‍ വേണമെങ്കില്‍ ഇപ്പോ­ള്‍ മഴയുടെ കമ്മി നേരിടുന്ന ബിഹാര്‍, യു പി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കണം. അതിനാവശ്യം പ്രകൃതിയുടെ കനിവ് മാത്രമായിരിക്കും. സ്വാഭാവികമായും ഇപ്പോള്‍ നിലവിലിരിക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലം കണക്കിലെടുത്താല്‍ വര്‍ധിച്ച സബ്സിഡി വഴിയോ തീര്‍ത്തും സൗജന്യമായോ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്തുക അസാധ്യവും അപ്രായോഗികവുമായിരിക്കും. ഈ സാഹചര്യത്തിലും പ്രസക്തിയാര്‍ജ്ജിക്കുന്നത്, ഏതു വിധേന ചരക്കുകളുടെയും സേവനങ്ങളുടെയും സപ്ലൈ ഡിമാന്റ്സ് അഡ്ജസ്റ്റ്മെന്റുകളിലൂടെ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമാക്കാമെന്നതാണ്.


ഇതുകൂടി വായിക്കൂ:  സാമ്പത്തിക വളര്‍ച്ചയോ വില സ്ഥിരതയോ?


ആഗോള ചരക്ക് — സേവന വിപണികളിലെ പണപ്പെരുപ്പത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന വിലവര്‍ധനവും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഊര്‍ജോല്പന്ന വിലവര്‍ധന, വിശിഷ്യ കല്‍ക്കരി, അസംസ്കൃത എണ്ണ എന്നിവയുടേത്, കൂടാതെ ചരക്കുകടത്തുകൂലി വര്‍ധനവും ഗോതമ്പിന്റെ വിലക്കുതിപ്പും മിക്കവാറും മുഴുവന്‍ ലോക രാജ്യങ്ങളെയും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഒറ്റയ്ക്കോ കൂട്ടായോ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ആര്‍ബിഐ പോലുള്ള കേന്ദ്ര ബാങ്കുകളുടെ പണനയം വഴിയുള്ള പലിശനിരക്ക് മാറ്റങ്ങളിലൂടെയൊന്നും ഇതിനു പരിഹാരമാവില്ല. സൈനിക ഏറ്റുമുട്ടലില്‍ ഒരു വര്‍ഷക്കാലത്തോളമായി ഏര്‍പ്പെട്ടിരിക്കുന്ന ഉക്രെയ്‌നും റഷ്യയും തുര്‍ക്കിയുടെ മധ്യസ്ഥ ശ്രമങ്ങളിലൂടെയാണെങ്കിലും ഗോതമ്പ് ധാന്യങ്ങളുടേതടക്കം വ്യാപാര ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നത് ഇരു രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത്തരമൊരു ധാരണ നിലനില്പിന്റെ തന്നെ പ്രശ്നമായതുകൊണ്ടാണ്. റഷ്യക്ക് ധാന്യങ്ങളുടെയും ഗോതമ്പിന്റെയും ഇറക്കുമതി അനിവാര്യമാണെങ്കില്‍ ഉക്രെയ്‌നിന്റെ കാര്യത്തില്‍ ഈ ഉല്പന്നങ്ങളുടെ കയറ്റുമതി വരുമാനം രാജ്യം നേരിടുന്ന ധനകാര്യ പ്രതിസന്ധി പരിഹാരത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്.
(അവസാനിക്കുന്നില്ല)

Exit mobile version