Site iconSite icon Janayugom Online

ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം; യൂറോപ്പിന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രവ്യാപനശേഷിയെ തുടര്‍ന്ന് കോവിഡ് കേസുകള്‍ ഉയരുമെന്നും ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ച് സംരക്ഷണം ഉറപ്പാക്കണമെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്യന്‍ വിഭാഗം മേധാവി ‍ഡോ. ഹാൻസ് ഹെൻറി ക്ലുഗെ പറഞ്ഞു. മറ്റൊരു കോവിഡ് വ്യാപനം അടുത്തുവരുന്നത് കാണാൻ കഴിയുന്നുണ്ട്. ആഴ്ചകൾക്കുള്ളിൽ യൂറോപ്യൻ മേഖലയിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിക്കും. ആരോഗ്യമേഖല കൂടുതൽ പ്രതിസന്ധിയിലാകും, അദ്ദേഹം പറ‌ഞ്ഞു.

ഒമിക്രോൺ വ്യാപനം ആരംഭിച്ചശേഷം യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38 എണ്ണത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ, ഡെന്മാര്‍ക്ക്, പോർച്ചുഗൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകൾക്ക് ഗണ്യമായ വർധനയും ഉള്ളതായി വിയന്നയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഗ്ലെ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ യൂറോപ്യന്‍ മേഖലയിലാണ്. ഒമിക്രോണ്‍ വ്യാപനത്തിനു മുൻപുതന്നെ, മാർച്ച് മാസത്തോടെ 7,00,000 കോവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ബൂസ്റ്റ്, ബൂസ്റ്റ്, ബൂസ്റ്റ്’ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുക മാത്രമാണ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഏക പോംവഴിയെന്ന് കുഗ്ലെ വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തു.

ENGLISH SUMMARY:Booster dose manda­to­ry; World Health Orga­ni­za­tion warns Europe
You may also like this video

Exit mobile version