Site icon Janayugom Online

അതിര്‍ത്തിയിലെ സ്ത്രീകളും പ്രസവിക്കാറുണ്ട്; ക്ലോണ്ടികെ പറയുന്നത് യുദ്ധത്തെക്കുറിച്ചാണ്

മരിയാന എര്‍ ഗൊര്‍ബാച്ച് സംവിധാനം ചെയ്ത ക്ലോണ്ടികെ എന്ന യുക്രൈന്‍ സിനിമ യുദ്ധത്തെക്കുറിച്ചാണ്. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ചെന്ന് തന്നെ പറയണം. 

തകര്‍ന്ന ഒരു വീട്ടിലേക്കാണ് സ്ക്രീനിലേക്കുള്ള നമ്മുടെ കണ്ണുകള്‍ തുറക്കുന്നത്. അതിലാണ് തോലികും അയാളുടെ ഭാര്യ ഇര്‍ക്കയും താമസിക്കുന്നത്. ഇര്‍ക്ക പൂര്‍ണ്ണ ഗര്‍ഭിണിയാണ്. അവര്‍ താമസിക്കുന്നത് റഷ്യ പിടിച്ചെടുത്ത യുക്രൈൻ മണ്ണിലാണ്. സന്യയെപ്പോലുള്ള റഷ്യൻ അനുഭാവികള്‍ തോലികിനെയും കുടുംബത്തെയും ഉപയോഗിച്ചാണ് ജീവിക്കുന്നത്. ഇര്‍ക്കയുടെ പരാതിയും അതുതന്നെയാണ്. തങ്ങളുടെ കാര്‍ അവരുടെ കൈവശമാണ്. 

ഇര്‍ക്കയുടെ നിരന്തര പരാതികള്‍ സഹിക്കാനാകാതെ കാഴ്ചയില്‍ മുരടനെങ്കിലും ഇര്‍ക്കയെയും അവളുടെ വയറ്റില്‍ വളരുന്ന തങ്ങളുടെ കുഞ്ഞിനെയും ഒരുപാട് സ്നേഹിക്കുന്ന അയാള്‍ കാറിനായി സന്യയെയോട് പല രീതിയില്‍ സംസാരിക്കുന്നുണ്ട്. പിന്നീട് വീട്ടിലുള്ള പശുവിനെയും കൊന്ന് അതിന്റെ ഇറച്ചി കൂടി സൈനികര്‍ക്ക് കൊടുത്തും ആ കൂടുംബം കാര്‍ തിരിച്ച് വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇര്‍ക്കയുടെ സഹോദരൻ യാരിക് ആണ് മറ്റൊരു കഥാപാത്രം. യാരിക് യുക്രൈൻ ഭാഗത്താണ് താമസിക്കുന്നത്. രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള തങ്ങളുടെ വീട്ടിലേക്ക് ഇര്‍ക്കയെ കൊണ്ടുപോകാനാണ് അവന്റെ ശ്രമം. ഇടയ്ക്കിടെ ഉണ്ടാകുന്ന ബോംബാക്രമങ്ങളും വിമാനാപകടവും അവരുടെ ജീവിതത്തിന്റെ ദുരന്തങ്ങള്‍ കാഴ്ചക്കാരിലേക്കെത്തിക്കുന്നുണ്ട്. എങ്കിലും അവളുടെ പ്രതീക്ഷ തങ്ങളുടെ പെണ്‍കുഞ്ഞ് ജനിക്കുമെന്ന് തന്നെയാണ്.

ഇടയ്ക്ക് റഷ്യയുടെ നിയന്ത്രണത്തിനപ്പുറമുള്ള ഇര്‍ക്കയുടെ വീട്ടിലേക്ക് പോകാന്‍ ഇരുവരും ശ്രമിക്കുന്നുണ്ടെങ്കിലും സൈന്യം അനുവദിക്കുന്നില്ല. പിന്നീട് തിരിച്ചുവരുമ്പോള്‍ ജീവിതത്തില്‍ ഇനിയെന്തന്ന ചിന്ത ഇര്‍ക്കയെ വളരെ നേരത്തെ തന്നെ പ്രസവാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇതിനിടെ തോലികിന്റെ റഷ്യ അനുകൂല മനോഭാവത്തോട് നിരന്തരം കലഹിക്കുന്ന യാരിക് പ്രശ്നമുണ്ടാക്കുന്നുണ്ട്. സഹികെട്ട് തോലിക് അയാളെ ബോസ്മെന്റ് മുറിയില്‍ പൂട്ടിയിടുന്നു. റഷ്യ അനുകൂലികളെ കൊലപ്പെടുത്താൻ അവൻ കൊണ്ടു നടക്കുന്ന വീട്ടില്‍ ഒളിപ്പിക്കുന്നു. 

ഒരു ദിവസം ഇര്‍ക്കയ്ക്ക് പ്രസവവേദനയുണ്ടാകുമ്പോഴാണ് സൈന്യം ആ തകര്‍ന്ന വീട്ടിലേക്ക് കടന്നു വരുന്നത്. പരിശോധനയ്ക്കിടെ അവര്‍ തോക്കും യാരികിനെയും കണ്ടെത്തുന്നു. യാരികിനെ കൊലപ്പെടുത്താൻ സൈന്യം തോലികിനോട് ആവശ്യപ്പെടുന്നെങ്കിലും അയാള്‍ അതിന് തയ്യാറാകുന്നില്ല. നേരെ തിരിച്ച് യാരിക് തോക്ക് തോലികിന് നേരെ നീട്ടുകയും “നിങ്ങള്‍ ഒരു രാജ്യദ്രോഹിയല്ല, പക്ഷെ ഭീരുവാണ്” എന്ന് പറഞ്ഞ് സൈനിക നേതാവിന് വെടിയുതിര്‍ക്കുന്നു. മറ്റ് സൈനികര്‍ ഇരുവരെയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. സ്ഥലം ക്ലിയര്‍ ചെയ്യുന്ന സൈന്യം പ്രസവ വേദനയാല്‍ പുളയുന്ന ഇര്‍ക്കയെ തിരിഞ്ഞ് പോലും നോക്കുന്നില്ല. അവര്‍ വീടിനുള്ളിലെ തങ്ങളുടെ ആയുധങ്ങളുമെടുത്ത് സ്ഥലം വിടുന്നു. ഇര്‍ക്ക് ആരുടെയും സഹായമില്ലാതെ തന്നെ പ്രസവിക്കുന്നു.

ചിത്രത്തെയും ആ വേഷം ചെയ്ത ഇര്‍ക്കയെയും കുറിച്ച് ആ വേഷം ഒക്സാന ചെര്‍ക്കഷൈന പറയുന്നത് ഇത് യുക്രൈനിലെ ഓരോ സ്ത്രീകളുടെയും കഥയാണ് എന്നാണ്. 2014 മുതല്‍ തങ്ങള്‍ നേരിടുന്ന ദുരന്തങ്ങളാണ് ഒറ്റ കുടുംബത്തിന്റെ കഥയിലൂടെ പൊതുവായി പറഞ്ഞിരിക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ ഷൂട്ടിംഗ് ആയിരുന്നു ഇതിന്റേത്. അവസാന രംഗമായ ഇര്‍ക്കയുടെ പ്രസവ രംഗം ചിത്രീകരിക്കാന്‍ മാത്രം ഏഴിലധികം റീടേക്കുകള്‍ വേണ്ടിവന്നുവെന്നും അവര്‍ പറയുന്നു. യുദ്ധം എല്ലാക്കാലത്തും ദുരിതത്തിലാക്കുക സ്ത്രീകളെയാണ് എന്ന തിരിച്ചറിവാണ് ഈ സിനിമയെന്നും ഒക്സാന വ്യക്തമാക്കുന്നു.

യുദ്ധം രാജ്യങ്ങള്‍ തമ്മിലാണെങ്കിലും ദുരിതം ജനങ്ങള്‍ക്കാണ്. അതും സാധാരണക്കാര്‍ക്ക്. മറ്റൊന്നുകൂടി, ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അതിപ്പോള്‍ മഹാഭാരത കഥ മുതലെടുത്താലും മണ്ണിന് വേണ്ടി മാത്രമാണ്. എന്നാല്‍ ആ മണ്ണില്‍ ജീവിക്കുന്ന മനുഷ്യരെ ആരും കണക്കാക്കുന്നില്ല.

Eng­lish Sum­mery: Bor­der women also give birth; Klondi­ge talks about war
You May Also Like this video

Exit mobile version