Site iconSite icon Janayugom Online

കേരളവിരുദ്ധ പ്രചാരവേലയ്ക്കെതിരായ വിധി

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് കേരളത്തിനനുകൂലമായ വിധിയുണ്ടായിരിക്കുന്നു. പ്രതിപക്ഷവും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന കേരളവിരുദ്ധ പ്രചാരവേലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധി. അവകാശപ്പെട്ട 13,608 കോടി വായ്പയെടുക്കാനുള്ള അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയ കോടതി ബാക്കിയുള്ള വിഷയങ്ങളില്‍ ചർച്ചകൾ നടത്തി തീരുമാനമെടുക്കണമെന്നും കേരളത്തിന്റെ സ്യൂട്ട് പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കുപ്രചരണങ്ങള്‍ നടത്തുക മാത്രമല്ല, ധൂര്‍ത്തും കെടുകാര്യസ്ഥതയുമെന്ന കുറ്റപ്പെടുത്തലുകള്‍വരെ പ്രതിപക്ഷവും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പടികൂടി കടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നുവരെ പറഞ്ഞുവച്ചു. ഏറ്റവും ഒടുവില്‍ കേന്ദ്രവിഹിതം ലഭിക്കാത്തതും സാങ്കേതിക തകരാറും കാരണമായി ജീവനക്കാരുടെ വേതനവിതരണത്തില്‍ മണിക്കൂറുകളുടെ കാലതാമസമുണ്ടായപ്പോഴും ഇരുകൂട്ടരും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരാണെങ്കില്‍ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വിവേചനപരവും പ്രതികാരബുദ്ധിയോടെയുമുള്ള സമീപനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വികസന, ക്ഷേമ പ്രവർത്തനങ്ങളും ദൈനംദിന കാര്യങ്ങളും വരെ പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തില്‍ ഗത്യന്തരമില്ലാതെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാപരമായി കേന്ദ്രത്തിന് അല്ലെങ്കിലും കേരളത്തെ ഞെരുക്കുകയെന്ന ദുഷ്ടബുദ്ധി മാത്രം മനസില്‍വച്ച് തടസങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയെയാണ് കേരളം ചോദ്യം ചെയ്തത്. കടമെടുപ്പ് ഉൾപ്പെടെ വഴികളിലൂടെ ധനക്കമ്മി നികത്തുന്നതിനുള്ള മാർഗങ്ങൾ കൈക്കൊള്ളുക, കടമെടുക്കുന്നതുൾപ്പെടെ ധനകാര്യ വിഷയങ്ങളില്‍ നിയമനിർമ്മാണം നടത്തുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് സാമ്പത്തികസഹായം നൽകുക തുടങ്ങിയവയിലെല്ലാം ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് അവകാശം സിദ്ധിച്ചിട്ടുണ്ട്. കാരണം ഇവ സംസ്ഥാന പരിധിയിൽപ്പെട്ട വിഷയങ്ങളാണ്. ഇത് മറച്ചുപിടിച്ചാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷയങ്ങളോട് കേന്ദ്രം ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത്. ബ­ജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരിലാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കിഫ്ബി, ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള പെൻഷൻ കമ്പനി എന്നിവയെടുക്കുന്ന വായ്പ അതാതു വര്‍ഷത്തെ പൊതുകടത്തിന്റെ പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചാണ് ഈ ദ്രോഹനടപടി. 2021–22ൽ ഇരു സ്ഥാപനങ്ങൾക്കും ലഭിച്ച വായ്പയെ നാലായി വിഭജിച്ച് 3140 കോടി രൂപ വീതം കടമെടുപ്പ് അവകാശത്തിൽനിന്നും ഇല്ലാതാക്കി. എല്ലാ വരുമാന മാർഗങ്ങളും അടച്ചശേഷം എല്ലാം നൽകിയെന്ന വ്യാപക പ്രചരണവും ഇതിന്റെ കൂടെത്തന്നെ നടത്തുന്നു എന്നതില്‍ നിന്ന് കേന്ദ്രത്തിന്റെ ലക്ഷ്യം വ്യക്തമാണ്.


ഇതുകൂടി വായിക്കൂ:ജനാധിപത്യത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വിധി


കേന്ദ്ര പദ്ധതികളുടെയും നികുതിയുടെയും വിഹിതമായി ലഭിക്കാനുള്ളവ പോലും തടഞ്ഞാണ് ഈ പ്രചരണമെന്നതാണ് വൈരുധ്യം. സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്ഛമായ വിഹിതംപോലും നാലുവര്‍ഷത്തോളം കുടിശികയാക്കുകയും സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയേറ്റെടുത്ത് വിതരണം നടത്തിയ 579.95 കോടി രൂപ പിന്നീട് അനുവദിച്ചതുപോലും കേന്ദ്രം കൊട്ടിഘോഷിക്കുകയും ചെയ്തു. 62 ലക്ഷത്തോളം പേർക്ക് സംസ്ഥാനത്ത് പെൻഷൻ നൽകുമ്പോൾ 5.66 ലക്ഷം പേർക്കുമാത്രമാണ് തുച്ഛമായ കേന്ദ്ര വിഹിതം ലഭിക്കുന്നതെന്ന വസ്തുതയും മറച്ചുവച്ചു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന് നിയമവഴി സ്വീകരിക്കേണ്ടി വന്നത്. ഹര്‍ജിയുടെ പരിഗണനാ വേളയില്‍ത്തന്നെ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും കേരളം അതിന് തയ്യാറാകുകയും ചെയ്തിട്ടും കേന്ദ്രം വിമുഖത കാട്ടി. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ചര്‍ച്ചയ്ക്ക് എത്തിയെങ്കിലും ഹര്‍ജി പിന്‍വലിക്കണമെന്നുള്‍പ്പെടെ ഉപാധി വയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകുന്നതിന് കേരളം നിര്‍ബന്ധിതമായത്. ഭരണപരമായ സമീപനങ്ങളിലൂടെയാണ് കേന്ദ്രം കേരളത്തെ ഞെരുക്കുന്നതെങ്കില്‍ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കുപ്രചരണങ്ങളും പ്രഹസനങ്ങളും നടത്തുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫ് ചെയ്തത്. രാജ്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ കടുത്ത അവഗണനയാണ് സ്വീകരിക്കുന്നതെന്നും കേരളത്തെപ്പോലെ അവരും രംഗത്തുണ്ടെന്നും വ്യക്തമായിട്ടും നിലപാട് മാറ്റുന്നതിനോ സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തോടൊപ്പം നില്‍ക്കുന്നതിനോ യുഡിഎഫ് തയ്യാറായില്ല. അവര്‍ക്കും ഈ വിധി തിരിച്ചടിയാകുന്നത് അക്കാരണത്താലാണ്.

Exit mobile version