Site iconSite icon Janayugom Online

കടമെടുപ്പ് അനുമതിയില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

അസാധാരണമായ നിയമ യുദ്ധങ്ങള്‍ക്കാണ് സുപ്രീം കോടതി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അതില്‍ ശ്രദ്ധേയമായത്, കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇല്ലാത്ത വിധത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളിലും പരമാധികാരത്തിലും കടന്നുകയറുന്നതിനെതിരെയാണ്. പലവിധത്തിലാണ് കേന്ദ്രം ഈ നടപടികള്‍ സ്വീകരിക്കുന്നത്. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് സ്വയം ചെയ്യുന്നതും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നടത്തുന്നതും വിവിധ ഏജന്‍സികളെ ചട്ടുകമാക്കി സ്വീകരിക്കുന്ന നടപടികളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഭരണഘടനാപരമായ അധികാരങ്ങളുടെ പിന്‍ബലത്തില്‍ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ തടഞ്ഞ് വയ്ക്കുകയും രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്യുന്ന രീതി ബിജെപി ഇതര സര്‍ക്കാരുകളുള്ള മിക്കവാറും എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വീകരിക്കുന്നു. ഗവര്‍ണര്‍മാരുടെ അധികാരം വല്ലാതെ അതിരുകടന്നതാണ് മുഖ്യമന്ത്രി നിര്‍ദേശിച്ച മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതിരുന്ന തമിഴ്‌നാട്ടിലെ ആര്‍ എന്‍ രവിയുടെ നടപടി. സുപ്രീം കോടതിയെപ്പോലും വെല്ലുവിളിച്ചാണ് ആര്‍ എന്‍ രവി ഈ നിലപാടെടുത്തത്. ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് കണക്കിന് കിട്ടിയപ്പോള്‍ പ്രസ്തുത അംഗത്തെ വിളിച്ചുവരുത്തി സത്യപ്രതിജ്ഞ നടത്തിക്കൊടുക്കേണ്ടിവന്നു അദ്ദേഹത്തിന്. ഒരുളുപ്പുമില്ലാതെ സത്യപ്രതിജ്ഞ നടത്തിയെന്നത് അദ്ദേഹത്തിന്റെ അപാരമായ തൊലിക്കട്ടിയാണ് വ്യക്തമാക്കുന്നത്.

ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളത്തിനുള്‍പ്പെടെ നിയമ പോരാട്ടത്തിന്റെ വഴി സ്വീകരിക്കേണ്ടി വന്നു. പരമോന്നത കോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ ചില ബില്ലുകള്‍ അംഗീകരിക്കുകയും അവശേഷിക്കുന്നവ രാഷ്ട്രപതിക്ക് അയച്ച് കൈകഴുകുകയും ചെയ്തു. ചില ബില്ലുകള്‍ ഇപ്പോഴും കേരള ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കും ഇതേ കാരണത്തില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളം. ഇതിനെല്ലാമപ്പുറമാണ് വിവിധ വകുപ്പുകളെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ടുള്ള കേന്ദ്ര സമീപനങ്ങൾക്കെതിരെ കോടതിയെ സമീപിക്കേണ്ടി വരുന്നത്. ഓരോ സംസ്ഥാനങ്ങൾക്കും അർഹതപ്പെട്ട ധനവിഹിതം തടഞ്ഞുവയ്ക്കുന്ന സമീപനം കുറെ വർഷങ്ങളായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിച്ചുവരികയായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍കൃതരുടെയും ആനുകൂല്യങ്ങളും ആരോഗ്യ പരിപാലന രംഗത്തിനുള്ള വിഹിതവുമുള്‍പ്പെടെ തടയുന്നതിന്റെ ഫലമായി സാമൂഹ്യ ക്ഷേമ — വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമ്പോള്‍ കൂടുതല്‍ കടമെടുത്ത് അവ നിര്‍വഹിക്കുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാവുകയാണ്.


ഇതുകൂടി വായിക്കൂ:കേരളം പ്രതീക്ഷിക്കുന്നു സുപ്രീം കോടതിയുടെ നീതി


സാമ്പത്തികമായി വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ സംസ്ഥാനങ്ങൾ മാത്രമല്ല കേന്ദ്ര സർക്കാരും കടപ്പത്രം ഇറക്കി ധനസമാഹരണം നടത്തുന്ന പതിവുണ്ട്. എന്നാല്‍ സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള അവകാശങ്ങൾ ഹനിക്കുന്ന സമീപനം കേന്ദ്രസർക്കാർ സ്വീകരിക്കുന്നു. അക്കാര്യത്തിലും കടുത്ത വിവേചനമാണ് കേന്ദ്രം കാട്ടുന്നത്. ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയോ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോള്‍ തന്നെ ബിജെപി സര്‍ക്കാരുകള്‍ക്ക് ഇഷ്ടം പോലെ വായ്പയെടുക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്നത്. ആദ്യം കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന കേന്ദ്രത്തിന് ഇക്കാര്യത്തിലും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റു. കേരളത്തിന് 13,600 കോടി കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഈ തുക വായ്പയെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിക്കുകയും ചെയ്തു. പക്ഷേ വീണ്ടും ചര്‍ച്ചകളില്‍ കേരളത്തിന്റെ വായ്പാ അവകാശത്തെ അംഗീകരിക്കുന്ന സമീപനമല്ല കേന്ദ്രം സ്വീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ വായ്പയെടുക്കുന്നതിന് അനുമതി നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന ഉപാധി വയ്ക്കുകയാണ് ചെയ്തത്. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ ഈ ഉപാധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.

കേസുമായി കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ച കോടതി 13,600 കോടിയുടെ വായ്പാ അനുമതി നല്‍കുകയായിരുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശ പ്രകാരം പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ കോടതിയില്‍ സ്വീകരിക്കുന്നതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം കൈക്കൊള്ളുന്നത്. കേസ് പരിഗണിച്ച കോടതി കേരളത്തിന് ഒറ്റത്തവണ പാക്കേജ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിബന്ധനകളോടെ 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം ഈ വായ്പയാകട്ടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ കടമെടുപ്പ് പരിധിയില്‍ തട്ടിക്കിഴിക്കുമെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുകയും ചെയ്തു. 5,000 കോടി രൂപ കൊണ്ട് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്നും നിബന്ധനകളില്ലാതെ കുറഞ്ഞത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കോടതിയില്‍ കേരളം ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളോട് ഈ സമീപനം സ്വീകരിക്കുന്ന കേന്ദ്രമാകട്ടെ ബിജെപി സര്‍ക്കാരുകള്‍ക്ക് ഇഷ്ടംപോലെ വായ്പയെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുന്നു. സാധാരണ ചൊവ്വാഴ്ചകളിലാണ് സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്ര വില്പനയ്ക്ക് റിസര്‍വ് ബാങ്ക് അനുമതിയുള്ളത്. എന്നാല്‍ കഴിഞ്ഞയാഴ്ച ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് രണ്ട് ദിവസങ്ങളാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും. ഉത്തര്‍പ്രദേശിനും മഹാരാഷ്ട്രയ്ക്കും 12,000 കോടി രൂപ വീതം അടിയന്തര കടമെടുപ്പിനാണ് വ്യാഴാഴ്ച അനുമതി നല്‍കിയത്. ചൊവ്വാഴ്ച മഹാരാഷ്ട്ര 8,000, ഉത്തര്‍പ്രദേശ് 6,000 കോടി രൂപ വീതം കടപ്പത്ര ലേലത്തിലൂടെ സമാഹരിച്ചിരുന്നു.


ഇതുകൂടി വായിക്കൂ:സുപ്രീം കോടതി വിധി മോഡി സര്‍ക്കാരിനേറ്റ അടി


സാധാരണ നിലയില്‍ 3,000 കോടി രൂപ വരെയാണ് ഒരു തവണ സംസ്ഥാനങ്ങള്‍ കടമെടുക്കാറുള്ളത്. 17 സംസ്ഥാനങ്ങള്‍ 50,206 കോടി രൂപയാണ് ചൊവ്വാഴ്ച കടപ്പത്ര ലേലത്തിലൂടെ വായ്പയായി സമാഹരിച്ചതെന്നത് പരിശോധിച്ചാല്‍തന്നെ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഇതിനുപിന്നാലെ രണ്ട് ദിവസങ്ങള്‍ക്കകം 12,000 കോടി രൂപ വീതം സമാഹരിക്കുവാന്‍ ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കേന്ദ്രം സമ്മതിക്കാതെ ഇത്രയും തുക വായ്പയെടുക്കുവാന്‍ ആര്‍ബിഐ അനുമതി നല്‍കില്ല. യുപി, മഹാരാഷ്ട്ര ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ കടമെടുപ്പ് നടത്തിയ ചൊവ്വാഴ്ച കേരളത്തിന് അനുമതി ലഭിച്ചതാകട്ടെ 3,742 കോടി വായ്പയെടുക്കുന്നതിനും. സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന വേളയില്‍ സമ്മതിച്ച തുകയ്ക്ക് പോലും അനുമതി ലഭിച്ചില്ലെന്നര്‍ത്ഥം. കടബാധ്യത സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് പറഞ്ഞ് ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് വായ്പാനുമതി നിഷേധിക്കുമ്പോള്‍തന്നെ ബിജെപി സര്‍ക്കാരുകള്‍ക്ക് തോന്നിയതുപോലെ വായ്പാനുമതി നല്‍കുന്നു. ഇതില്‍ നിന്നെല്ലാം കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.

Exit mobile version