23 May 2024, Thursday

സുപ്രീം കോടതി വിധി മോഡി സര്‍ക്കാരിനേറ്റ അടി

Janayugom Webdesk
March 12, 2024 5:00 am

ഇലക്ടറൽ ബോണ്ട് രേഖകൾ കൈമാറുന്നതുസംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ക് ഇന്നലെ സുപ്രീം കോടതി നല്‍കിയ അന്ത്യശാസനം നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ മുഖത്തേറ്റ അടിയാണ്. അവിഹിതമാര്‍ഗത്തിലൂടെ ബോണ്ടുകളായി സമ്പത്ത് കുന്നുകൂട്ടിയ ബിജെപിയെയും മോഡി സര്‍ക്കാരിനെയും രക്ഷിക്കാനുള്ള എസ്ബിഐയുടെ വിധേയത്വമാണ് കോടതി തകര്‍ത്തത്. ബോണ്ടുകളുടെ വിവരം കെെമാറാന്‍ ജൂൺ 30 വരെ സമയം ചോദിച്ച എസ്ബിഐയോട് ഇന്നുതന്നെ മുഴുവൻ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാനും, ഈ വിവരങ്ങൾ കമ്മിഷൻ മാർച്ച് 15ന് അഞ്ച് മണിക്ക് മുമ്പേ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എസ്ബിഐയുടെ മനഃപൂർവമുള്ള അവഗണനയെ അതിരൂക്ഷമായാണ് കോടതി വിമർശിച്ചത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സാങ്കേതികത്വം പറയുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടതെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. പ്രത്യേക വിവരശേഖരങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ദാതാക്കളുടെ വിശദാംശങ്ങളും ബോണ്ട് വിശദാംശങ്ങളും സമന്വയിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് എസ്ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചത്. എന്നാൽ ‘ബാങ്കിനോട് താരതമ്യം നടത്താനല്ല പറഞ്ഞതെന്നും കെെവശമുള്ള വിവരങ്ങൾ പുറത്തുവിടാൻ മാത്രമാണെ‘ന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കോടതിയുത്തരവുകൾ പാലിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ ചെയർമാനോടും മാനേജിങ് ഡയറക്ടറോടും കോടതി നിർദേശിച്ചിട്ടുമുണ്ട്. 


ഇതുകൂടി വായിക്കൂ:  ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസിനും തലവേദനയാകുന്നു


എസ്ബിഐക്കാണ് കോടതി മുന്നറിയിപ്പ് നൽകിയതെങ്കിലും യഥാർത്ഥത്തിൽ തിരിച്ചടിയേറ്റത് ബിജെപിക്കാണ്. കാരണം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി ഫെബ്രുവരി 15ന് വിധിച്ച ഇലക്ടറല്‍ ബോണ്ട് വഴി ആ പാര്‍ട്ടി സ്വരുക്കൂട്ടിയത് ശതകോടികളാണ്. ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് വിധിയുണ്ടായപ്പോള്‍ത്തന്നെ സുപ്രീം കോടതിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹസിച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ‘കുചേലൻ ശ്രീകൃഷ്ണന് ഒരു പിടി അവൽ നൽകിയിരുന്നെങ്കിൽ അത് അഴിമതിയാണെന്ന് ഇന്നത്തെ കാലത്ത് സുപ്രീം കോടതി പറഞ്ഞേനെ‘യെന്നായിരുന്നു നരേന്ദ്ര മോഡിയുടെ പരിഹാസം. ഉറവിടം വെളിപ്പെടുത്താത്ത കോര്‍പറേറ്റുകളില്‍ നിന്ന് തങ്ങള്‍ ശേഖരിച്ചുവച്ച പണത്തിന്റെ രേഖകളാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത് എന്ന് നരേന്ദ്ര മോഡിക്കറിയാം. വിവരങ്ങള്‍ പുറത്തുവന്നാല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബിജെപി ഭയപ്പെട്ടു. അതുകൊണ്ടാണ് സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കെ, സമയം നീട്ടണമെന്ന് എസ്ബിഐയെക്കാെണ്ട് അപേക്ഷ കൊടുപ്പിച്ചത്. ഒരുപാട് രേഖകൾ പരിശോധിച്ചു മാത്രമേ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുള്ളുവെന്നും ഇത് ക്രോഡീകരിക്കാൻ സമയം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. വാങ്ങുന്നയാളുടെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെങ്കിലും അവ ബോണ്ട് നമ്പറുകളുമായി പൊരുത്തപ്പെടുത്തുന്നതിലെ ബുദ്ധിമുട്ടാണ് ബാങ്ക് വിശദീകരിച്ചത്. ‘രഹസ്യമാക്കി കവറിൽ സീൽ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ മാത്രമാണ് പറഞ്ഞതെന്നും, കവർ തുറന്നാൽ പോരെ‘യെന്നും കോടതി തിരിച്ച് ചോദിച്ചു.


ഇതുകൂടി വായിക്കൂ: വീണ്ടും തെരഞ്ഞെടുപ്പ് ബോണ്ട്


കോർപറേറ്റ്-ഭരണകൂട അവിഹിത ബന്ധത്തിന് നിയമപ്രാബല്യം നൽകുന്ന ഇലക്ടറല്‍ ബോണ്ടുകൾ, ബിജെപി തങ്ങളുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയെടുത്തതാണെന്ന് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നതാണ്. പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇലക്ടറൽ ബോണ്ടുകളുടെ ആനുകൂല്യം ബിജെപിക്ക് ലഭിക്കുകയും പണക്കൊഴുപ്പിന്റെ മേളയാക്കി തെരഞ്ഞെടുപ്പിനെ മാറ്റുമെന്നുമുള്ള ആശങ്കയ്ക്കിടെയാണ് മോഡി സർക്കാരിന് കനത്ത തിരിച്ചടി നൽകിയ വിധിയുണ്ടായിരിക്കുന്നത്. നാളിതുവരെയുള്ള ബോണ്ടുകളുടെ കണക്കെടുത്താല്‍ ബിജെപിയുടെ ആശങ്ക വ്യക്തമാകും. 2022–23 സാമ്പത്തിക വർഷം മാത്രം ബിജെപിക്ക് കിട്ടിയത് 1300 കോടിയാണ്. കോൺഗ്രസിന് ലഭിച്ചതിനെക്കാൾ ഏഴ് മടങ്ങിലധികം തുകയാണിത്. ഫെബ്രുവരി ആദ്യം പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ആകെ 16,518 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഇതുവരെ വിറ്റത്. കോൺഗ്രസിന് ലഭിച്ചതിനെക്കാൾ (1,123 കോടി) ആറ് മടങ്ങ് അധികം ബിജെപിക്ക് (6,566 കോടി) ലഭിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടികൾക്കാണ് ബോണ്ട് സംഭാവന ഏറെയും ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ബോണ്ട് വിവരങ്ങൾ മറച്ചുവയ്ക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. സർക്കാർ നിർദേശപ്രകാരമാണ് എസ്ബിഐ സമയം നീട്ടിച്ചോദിച്ചതെന്ന പ്രതിപക്ഷ ആരോപണം ശരിവച്ചുകൊ­­­ണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ഇടപെടലുണ്ടായിരിക്കുന്നത്. എന്നാല്‍ അധികാരത്തിലിരുന്ന് തങ്ങളുടെ നിലപാടുകള്‍ക്കനുസൃതമായി നിയമനിര്‍മ്മാണം നടത്താന്‍ ഏതു വഴിവിട്ട മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത സര്‍ക്കാര്‍, കോടതിയെ മറികടക്കാന്‍ എന്തു കുത്സിതപദ്ധതിയാണ് തയ്യാറാക്കുകയെന്ന് രാജ്യം ആശങ്കയോടെ നോക്കിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.