Site iconSite icon Janayugom Online

കാമുകനേയും കാമുകിയേയും കാണാനില്ല

രു ഭാഷ കൂടുതല്‍ സമ്പന്നമാകുന്നത് ഭാഷയിലേക്ക് പുതിയ വാക്കുകളും പ്രയോഗങ്ങളും കടന്നുവരുമ്പോഴാണ്. പക്ഷേ, നിലവിലുള്ള വാക്കുകള്‍ തന്നെ അപ്രത്യക്ഷമായാലോ, ഭാഷ ദരിദ്രമാവുകയാവും ഫലം. ഈയടുത്ത കാലത്തായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന വാര്‍ത്തകള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും മലയാളം ദരിദ്രമാകുന്നുവോ എന്ന ശങ്കയും ആശങ്കയും. ഒരു വാര്‍ത്തയിങ്ങനെ. പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ അഞ്ചു മക്കളുള്ള അന്‍പതുകാരി സഹപാഠിയായ ആണ്‍ സുഹൃത്തുമൊത്ത് ഒളിച്ചോടി. മറ്റൊന്ന് എഴുപത്തേഴുകാരനായ വികാരിയച്ചന്‍ പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍. പീഡിപ്പിക്കപ്പെട്ടത് തന്റെ പെണ്‍ സുഹൃത്തായ കുട്ടിയെന്ന് മുതുക്കന്‍ പാതിരിയുടെ മൊഴി. ഡല്‍ഹിയില്‍ ആണ്‍ സുഹൃത്ത് പെണ്‍ സുഹൃത്തിനെ ഞെക്കിക്കൊന്നു. പതിനഞ്ചുകാരനായ ആണ്‍ സുഹൃത്തിനൊപ്പം മൂന്നാം തവണയും ഒളിച്ചോടിയ പതിന്നാലുകാരിയായ പെണ്‍സുഹൃത്ത് തമിഴ്‌നാട്ടില്‍ പിടിയില്‍.
എന്തേ വാര്‍ത്തകള്‍ക്കിങ്ങനെ ഒരു ഭാഷാ രൂപപരിണാമം. കാളിദാസന്റെ കാമുകീ കാമുക സങ്കല്പം ആണ്‍ — പെണ്‍ സുഹൃദ്ബന്ധമായി തരംതാഴുകയാണോ. ടോള്‍സ്റ്റോയിയുടെ വിശ്വപ്രസിദ്ധമായ അനീസ്യ കഥാപ്രസംഗ ചക്രവര്‍ത്തി വി സാംബശിവന്‍ കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോള്‍ ‘കാമുകിയാണിന്നനീസ്യ നികിതതന്‍‍ കാമുകിയാണവന്‍ ഭൃത്യനല്ല’ എന്നാണ് പാടിയത്. ഭൃത്യനെ കാമുകിയാക്കുന്ന സമ്പന്നയും വൃദ്ധനെ വിവാഹം കഴിച്ചവളുമായ അനീസ്യ. മനോഹരവും ഹൃദയാവര്‍ജകവുമായി ടോള്‍സ്റ്റോയിയുടെ കാമുകീകാമുക സങ്കല്പം. സാംബശിവന്റെ കഥാപ്രസംഗത്തിലും ഇ വി കൃഷ്ണപിള്ളയുടെ പരിഭാഷയിലും ഈ സങ്കല്പം വല്ലാതെയങ്ങ് വര്‍ണാഭമായി. പക്ഷേ, ഇക്കാലത്ത് കാമുകിയും കാമുകനും ഭാഷയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നു. അവരെ അടിച്ചോടിച്ചത് ആണ്‍ സുഹൃത്തും പെണ്‍ സുഹൃത്തും ചേര്‍ന്ന്. ഇതൊരു മാധ്യമ ഗുഢാലോചനയല്ലേ. ആണ്‍ സുഹൃത്തിനേയും പെണ്‍സുഹൃത്തിനേയും അടിച്ചു പുറത്താക്കേണ്ട. മാറ്റിനിര്‍ത്തിയാല്‍ മതി. ഭാഷ ദരിദ്രമാകരുതല്ലോ. അതിനാല്‍ ഒളിച്ചോടിയ കാമുകിയേയും കാമുകനേയും ഭാഷാഭവനത്തിലേയ്ക്കു തിരികെ കൊണ്ടുവരണമെന്ന് മാധ്യമങ്ങളോട് ദേവിക കേണപേക്ഷിക്കുന്നു.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ഭാഷയില്‍ മാത്രമല്ല സാഹിത്യത്തിലും ഈ അപചയം സംഭവിച്ചുകഴിഞ്ഞോ. കുറേക്കാലം മുമ്പ് തകഴിയുടെ ലോക പ്രസിദ്ധമായ ചെമ്മീന്‍ സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ ഒരു ശ്രമം നടന്നു. അതോടെ ചെമ്മീനിലെ കറുത്തമ്മയുടെ സമുദായ നേതാക്കള്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങി. സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണത്രേ നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ചെമ്മീന്‍. ക്രോധക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ചെമ്മീന്‍ രണ്ടാം ഭാഗം സിനിമയും സ്വാഹാ. സാഹിത്യ – സാംസ്കാരിക രംഗത്തുള്ളവര്‍ പേടിത്തൂറികളാകുന്നോ എന്നൊരു സംശയം. ഫാസിസത്തിനും ഏകാധിപത്യ വാഴ്ചയ്ക്കുമെതിരെ എഴുത്തുകാര്‍ പടയോട്ടം നടത്തുന്നത് നന്ദിയോടെ നമുക്കു സമ്മതിക്കാം. എന്നാല്‍, പഴയകാലത്തെ എഴുത്തുകളിലെ ധീരത ഇന്നാര്‍ക്കുണ്ട്. ഇരയിമ്മന്‍ തമ്പിയുടെ പ്രാണനാഥന്‍ എനിക്കു നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ എന്ന നമ്മുടെ നാവേല്‍പ്പാട്ടുതന്നെ ഉദാഹരണം. തന്റെ അനന്തിരവള്‍ക്ക് സ്വാതി തിരുനാള്‍ മഹാരാജാവിനോട് കട്ട പ്രണയം. മഹാരാജാവിനാകട്ടെ അതിലേറെ പ്രേമപാരവശ്യം. എന്തോ കാര്യത്തിന് ഒന്നും രണ്ടും പറഞ്ഞ് രാജാവ് കാമുകിയുമായി (സോറി അന്നു പെണ്‍സുഹൃത്തില്ല!) സൗന്ദര്യ പിണക്കത്തിലായി.
പിണക്കം തീര്‍ക്കാന്‍ ഇരയിമ്മന്‍ തമ്പി ഒരെളുപ്പവഴി കണ്ടെത്തി. ‘പ്രാണനാഥനെനിക്കു നല്കിയ’ എന്ന കവിതയെഴുതി അനന്തിരവളെ ഏല്പിച്ചു. ശ്രീപത്മനാഭ ദര്‍ശനത്തിനു പോകുമ്പോള്‍ അരികിലെ സംഗീത മാളികയിലിരുന്നു പാടാന്‍. പെണ്ണ് പ്രണയലഹരിയോടെ പാടി. ‘പ്രാണനാഥന്‍ എനിക്കു നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ, അയ്യേ ബാക്കി പാടാന്‍ നാണമാവുന്നു! ഇതിനൊത്ത ഒരു ഗാനമെഴുതാന്‍ ഇക്കാലത്താവുമോ. ഇന്ന് അത്തരം കവിതകളെഴുതിയാല്‍ പ്രസിദ്ധീകരിക്കേണ്ടവര്‍ കവികളുടെ ചെപ്പക്കുറ്റി അടിച്ചു തകര്‍ക്കും! അതേ സാഹിത്യ രചനയേയും ദരിദ്രമാക്കുന്ന കാലം.
ഇന്ത്യ ഗിന്നസ് ബുക്കില്‍ റെക്കോ‍ഡുകള്‍ വാരിക്കൂട്ടുന്നു. ലോകത്ത് ഏറ്റവുമധികം ദരിദ്രര്‍ പട്ടിണി കിടക്കുന്ന രാജ്യം. ഏറ്റവുമധികം അരുംകൊലകള്‍ നടക്കുന്ന മഹത്തായ രാഷ്ട്രം. ഇപ്പോഴിതാ മറ്റൊരു ബഹുമതികൂടി. ലോക ജനസംഖ്യയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നു. ചൈനയേക്കാള്‍ 29 ലക്ഷം പട്ടിണിപ്പാവങ്ങള്‍ അധികം. ഓരോ നേട്ടമുണ്ടാകുമ്പോഴും പ്രധാനമന്ത്രി മോഡി വെവ്വേറെ ഇന്ത്യന്‍ ഭാഷകളില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാറുണ്ട്. ഇത്തവണ അതു കേട്ടില്ല. വരുംനാളുകളില്‍ അതുണ്ടായേക്കാം. വന്ദേഭാരതിന്റെ തിരക്കു കഴിയുമ്പോള്‍ രാഷ്ട്രത്തോടുള്ള സംബോധന ഇങ്ങനെയായിരിക്കും; സാരേ ദേശ്‌വാസിയോം, സബ് പീനാനി, ഖാനാ നയി, കപഡനയി, സോനാ നയി ഇത്‌നാ ബഹുമതികേലിയേ സബ്കോ അഭിവാദന്‍ കര്‍ത്തേ. തമിഴില്‍ പറയും ‘കോടാനുകോടി ഇന്ത്യാവിന്‍ മക്കള്‍ ഉണ്ണാമല്‍, ഉറങ്കാമല്‍, ഉടുക്കാമല്‍, ഈ ബഹുമതി നേടിത്തന്തതിനു വണക്കം. മലയാളികളോടും പറയും ഈ ബഹുമതി നേടിയതിന് രാപ്പകല്‍ ഉടുതുണിയും ആഹാരവും ജലപാനവും ഉറക്കം പോലുമില്ലാതെ അധ്വാനിച്ച മലയാളികള്‍ക്ക് അഭിവാദ്യങ്ങള്‍! കിലോയ്ക്ക് 80 ലക്ഷം രൂപ വില വരുന്ന കിലോ കണക്കിന് വിയറ്റ്നാമീസ് കൂണ്‍ വിഭവങ്ങള്‍ അകത്താക്കിയ ശേഷമാണ് ഈ അഭിവാദ്യ പ്രവാഹം.


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


എനിക്ക് വേദനിക്കുന്നുവെന്ന് ആംഗ്യഭാഷകാട്ടി പറയാന്‍കൂടി വയ്യാതായാലോ. ലോകോത്തര കാല്‍പ്പന്തു വിളയാട്ടക്കാരനാണ് പോര്‍ച്ചുഗീസുകാരനായ റൊണാള്‍ഡോ. രണ്ടായിരം കോടിയോളം രൂപയ്ക്ക് ഈ പറങ്കി മുത്തിനെ സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബ്ബ് വിലയ്ക്കു വാങ്ങി. കഴിഞ്ഞ ദിവസം സൗദിയിലെതന്നെ അല്‍ഹിലാല്‍ ക്ലബ്ബിനോട് റൊണാള്‍ഡോയുടെ ക്ലബ്ബ് പരാജയപ്പെട്ടു. പവലിയനിലേക്ക് മടങ്ങിയ റൊണാള്‍ഡോയെ എതിരാളികളായ ആരാധകര്‍ കൂക്കിവിളിച്ചു. വലിയ കോണോത്തിലെ വലിയ ഫുട്ബോളര്‍ എന്ന് ആരോ പരിഹസിച്ചു. റൊണാള്‍ഡോ തന്റെ ഗുഹ്യഭാഗത്തേയ്ക്കു വിരല്‍ചൂണ്ടി. ഇതോടെ ആരാധക പ്രതിയോഗികള്‍ ഇളകിമറിഞ്ഞു. അശ്ലീല ചേഷ്ടകള്‍ കാട്ടിയത് അറബി സംസ്കാരത്തെ അപമാനിക്കുന്നതിനു തുല്യമെന്നു കാട്ടി വക്കീല്‍നോട്ടീസ്. റൊണാള്‍ഡോയെ നാടുകടത്തുക, സഹികെട്ട് റൊണാള്‍ഡോ പറഞ്ഞു കളിക്കിടെ എതിരാളിയുടെ കൂറ്റനടിവന്നു പതിച്ചത് അവിടെ‍ ആയിരുന്നു. വേദനമൂലം കളിക്കാനായില്ല. അതാണു ചൂണ്ടിക്കാണിച്ചത്. അതല്ലാതെ അശ്ലീല അംഗവിക്ഷേപമായിരുന്നില്ല.

Exit mobile version