പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ.
1963‑ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു തുടക്കം. 1982‑ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടന്നു ബിപിഎൽ. പിന്നീട് 1990-കൾ വരെ ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണനിർമാണരംഗത്തെ അതികായരായി ബിപിഎൽ മാറി. 1990-കളിൽ ഉദാരവൽക്കരണകാലം മുതൽ വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.