Site icon Janayugom Online

ബ്രഹ്മപുരം തീപിടിത്തം: വിജിലൻസ് അന്വേഷണം, ശാസ്ത്രീയ പഠനത്തിന് വിദഗ്ധ സമിതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍. തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദേശങ്ങളും സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഖരമാലിന്യ സംസ്‌കരണ‑മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടു, നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ ഉത്തരവാദികള്‍ ആരൊക്കെ, കൊച്ചി കോര്‍പറേഷന്‍ പ്രവൃത്തി കൃത്യമായി നിരീക്ഷിക്കുകയും ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നോ, കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍, ബ്രഹ്മപുരത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുണ്ടായ കാരണം തുടങ്ങിയവയാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സര്‍വേ നടത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ തീ അണയ്ക്കുവാനും നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24 (ഇ) വകുപ്പ് പ്രകാരം ഉന്നതാധികാര സമിതി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയ്യാറാക്കിയ സമഗ്ര കര്‍മ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങള്‍ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എല്‍) വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തും. കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശ സ്വയംഭരണ, വ്യവസായ മന്ത്രിമാര്‍ എല്ലാ ആഴ്ചയിലും അവലോകനം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ് ബ്രഹ്‌മപുരത്തിന്റെ പാഠമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Brahma­pu­ram fire: Vig­i­lance investigation

You may also like this video

Exit mobile version